എഡിറ്റര്‍
എഡിറ്റര്‍
സണ്‍ഫിലിമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും: കര്‍ട്ടന്‍ ഉപയോഗിക്കാമെന്ന് കോടതി
എഡിറ്റര്‍
Thursday 13th June 2013 12:31am

sunfilms

തിരുവനന്തപുരം: സണ്‍ഫിലിം സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുള്ള വാഹനങ്ങള്‍ ഇനി മുതല്‍ നിരത്തിലിറക്കിയാല്‍ അതിന്റെ  രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണര്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കറുകള്‍ ഒട്ടിക്കരുതെന്ന് കോടതി ഉത്തരവുണ്ടായിട്ടും നിയമലംഘനം വ്യാപകമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

Ads By Google

കോടതിവിധി വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും വാഹനങ്ങളിലെ കറുത്ത ഫിലിം പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

പിഴയടയ്ക്കാന്‍ തയ്യാറാകുന്ന പലരും ഗ്ലാസുകളിലെ ഫിലിം നീക്കം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. നിസാരതുക പിഴ നല്‍കി നിയമലംഘനം തുടരുകയാണ്.

അതേസമയം സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ക്ക് പകരം വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. സുപ്രീം കോടതി നിരോധിച്ചിട്ടുള്ളതിനാല്‍ സണ്‍ ഫിലിമുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്.

ത്വഗ്രോഗമുള്ള തനിക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് അലര്‍ജിയുണ്ടാക്കുമെന്നും ഈ സാഹചര്യത്തില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കാന്‍ ഇളവനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കൊച്ചി സര്‍വകലാശാലയിലെ പ്രഫസര്‍ റോയ് എം. തോമസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

സണ്‍ കണ്‍ട്രോള്‍ ഫിലിം സംബന്ധിച്ച് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്‍.ടി.ഒക്കും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്കും റോഡ് ട്രാന്‍സ്‌പോര്‍ട്ട് ജോയന്റ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പരിഗണിക്കാതിരുന്നതിനത്തെുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി നിരോധിച്ച പശ്ചാത്തലത്തില്‍ സണ്‍ഫിലിമുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാവില്‌ളെന്ന് ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഹൈകോടതിക്ക് ബാധ്യതയുണ്ട്.

അതേസമയം, സണ്‍ ഫിലിമിന് പകരം ടിന്റഡ് ഗ്‌ളാസോ കര്‍ട്ടനോ ഉപയോഗിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ട്. കര്‍ട്ടന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുമുണ്ട്.

എന്നാല്‍, ഇത് സംബന്ധിച്ച് നിയമഭേദഗതിക്കോ നിയമ നിര്‍മാണത്തിനോ കോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നില്‌ളെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

എല്ലാ വാഹന ഉടമകളും വിന്‍ഡ് സ്‌ക്രീനിലേയും വിന്‍ഡോ ഗ്ലാസുകളിലെയും കറുത്ത ഫിലിമോ കാഴ്ചമറയ്ക്കുന്ന മറ്റ് വസ്തുക്കളോ ജൂണ്‍ 17ന് മുമ്പ് നീക്കം ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.

നിയമലംഘനം തുടരുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളുടെ വ്യതിചലനമായി കണക്കാക്കും. മോട്ടോര്‍ വാഹനത്തിലെ സെക്ഷന്‍ 53 (1) എ പ്രകാരം രജിസ്‌ട്രേഷന്‍ റദ്ദാക്കും.

Advertisement