ന്യൂദല്‍ഹി: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പത്തുകൊല്ലത്തിലൊരിക്കല്‍ പുതുക്കണമെന്ന് വ്യവസ്ഥചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) നിയമത്തില്‍ ഭേദഗതിവരുത്തുന്നു.

Ads By Google

മെഡിക്കല്‍ കൗണ്‍സില്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്ററിലോ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുകളുടെ കൈവശമുള്ള രജിസ്റ്ററിലോ പേരുള്ള എല്ലാ ഡോക്ടര്‍മാരും നിര്‍ബന്ധമായും പത്തുകൊല്ലം കഴിയുമ്പോള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം.

മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും നീക്കാന്‍ സര്‍ക്കാറിന് അധികാരംനല്‍കുന്നതാണ് ‘ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍2013’.

പത്തുകൊല്ലം പൂര്‍ത്തിയായി ഒരു കൊല്ലത്തിനകംതന്നെ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. നിലവിലുള്ള വ്യവസ്ഥപ്രകാരം സ്ഥിരമായ രജിസ്‌ട്രേഷനാണ് മെഡിക്കല്‍ കൗണ്‍സിലും സംസ്ഥാനങ്ങളും നല്‍കുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒമ്പതുലക്ഷത്തോളം രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ട്. ഇതില്‍ 1933ല്‍ രജിസ്റ്റര്‍ചെയ്തര്‍ വരെയുണ്ട്.

നിലവിലുള്ള രജിസ്റ്ററില്‍ പലരും ജീവിച്ചിരിക്കാനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ടുതന്നെ പ്രാക്ടീസ് ചെയ്യുന്ന എത്രപേരുണ്ടെന്ന് കൃത്യമായ കണക്കുകളില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തവര്‍ എം.സി.ഐ.യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വിരമിച്ചവരെത്ര, വിദേശത്ത് പോയവരെത്ര തുടങ്ങിയ വിവരങ്ങളും കൗണ്‍സിലിന്റെ കൈവശമില്ല. അഞ്ചുകൊല്ലത്തിലൊരിക്കല്‍ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു.

കേരളം പോലുള്ള സംസ്ഥാനബോര്‍ഡുകള്‍ ഡോക്ടര്‍മാരുടെ രജിസ്റ്റര്‍ പുതുക്കുന്ന ജോലി സ്വമേധയാ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം, വിവിവിധ സംസ്ഥാനങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ആ സംസ്ഥാനങ്ങളിലെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.