തിരുവനന്തപുരം: പട്ടിക വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐ.ജി വിരമിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസ് മുറി ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചത് വിവാദമാകുന്നു. രജിസ്‌ട്രേഷന്‍ ഐ.ജിയായി വിരമിച്ച എ.കെ.രാമകൃഷ്ണനാണ് ഈ ദുരനുഭവമുണ്ടായത്.

സംഭവത്തെക്കുറിച്ച് അദ്ദേഹം ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്ത് നികുതി സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. സെക്രട്ടറി അന്വേഷണം നടത്തി മേയ് ഏഴിനകം റിപ്പോര്‍ട്ട് നല്‍കണം

മാര്‍ച്ച് 31ന് വിരമിച്ചതിന്റെ പിറ്റേന്നാണ് കേരളത്തിലെ ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന സാക്ഷ്യമായി സംഭവമുണ്ടായത്.
താന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മുറിയും വാഹനവും ഏപ്രില്‍ രണ്ടിന് ചാണകം തളിച്ച് ശുദ്ധിയാക്കിയെന്ന് വിവരം ലഭിച്ചതായി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. പട്ടിക ജാതിയിലെ കണക സമുദായ അംഗമായ താന്‍ വകുപ്പ് തലവനായിരുന്ന് ഓഫിസും പരിസരവും ‘അശുദ്ധമാക്കി’യതിനാലാണ് ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചതെന്ന് പരാതിയിലുണ്ട്.

ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ഐ.ജിയുടെ ചുമതല വഹിക്കുന്ന രജിസ്‌ട്രേഷന്‍ ജോയന്റ് ഐ.ജി ഇതെല്ലാം കണ്ടിട്ടും നിശബ്ദത പാലിച്ചുവെന്നും തന്റെ പൗരാവകാശം സംരക്ഷിക്കാനും പട്ടികജാതിപട്ടിക വര്‍ഗ പീഡനം തടയാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.