വിയന്ന: തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കാനുള്ള ഹിതപരിശോധനയില്‍ 25 ലക്ഷം കള്ളവോട്ടുകള്‍ കടന്നുകൂടിയിരിക്കാമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തല്‍. തുര്‍ക്കി ഹിതപരിശോധന നിരീക്ഷിച്ച യൂറോപ്യന്‍ ദൗത്യസംഘത്തില്‍ അംഗമായ ഓസ്‌ട്രേലിയന്‍ എം.പി അലെവ് കൊറുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓദ്യോഗിക സീല്‍ പതിച്ച വോട്ടിങ് കവറുകള്‍ മാതമേ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാThurവൂ എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും അട്ടിമറിക്കപ്പെട്ടെന്നാണ് ദൗത്യസംഘം ആരോപിക്കുന്നത്. ഇത്തരം സീല്‍ പതിക്കാത്ത കവറുകളും സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചെന്ന് അലെവ് കൊറുന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ 25ലക്ഷം വോട്ടെങ്കിലും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ ഈ വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ ഹിതപരിശോധന ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ട്. ഹിതപരിശോധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ സുപ്രീം ബോര്‍ഡ് ഓഫ് ഇലക്ഷനില്‍ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്.


Must Read: കേരളത്തില്‍ മോദി വിരുദ്ധ വികാരം ശക്തമെന്ന് രാജഗോപാല്‍ 


‘ നിയമസാധുത നഷ്ടപ്പെട്ട ഈ ഹിതപരിശോധന റദ്ദാക്കാനുള്ള നടപടിയെടുക്കണം. ഈ ഹിതപരിശോധനയുമായി ബന്ധപ്പെട്ട് നിയമസാധുതയുള്ള ഏക കാര്യം അത് റദ്ദാക്കുകയെന്നതു മാത്രമാണ്.’ പ്രതിപക്ഷ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ബുലന്റ് ടെക്‌സ്‌കാന്‍ പറഞ്ഞു.

ഹിതപരിശോധനയില്‍ ക്രമക്കേടുണ്ടായെന്ന് 47 അംഗ നിരീക്ഷകസംഘം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഹിതപരിശോധനയില്‍ ‘യെസ്’ വോട്ടുകള്‍ക്ക് കൂടുതല്‍ പ്രചാരണം ലഭിച്ചെന്നും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തെന്നും മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ നേരിയ വോട്ടുകള്‍ക്കാണ് പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗനെ അനുകൂലിക്കുന്ന ‘യെസ്’ പക്ഷം വിജയിച്ചത്.