ഷാജി കൈലാസിന്റെ പുതിയ ചിത്രമായ കിംങ് ആന്റ് കമ്മീഷണറില്‍ റീമാ സെന്‍ നായികയാവുമെന്ന് സൂചന. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് റീമ എത്തുന്നത്.

ചിത്രത്തിനുവേണ്ടി റീമ ഡെയ്റ്റ് നല്‍കി എന്നാണ് കേള്‍ക്കുന്നത്. വി.എന്‍ ആദിത്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട് മലേഷ്യയിലാണ് റീമ ഇപ്പോള്‍. ശശികുമാറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സുബ്രഹ്മണ്യപുരത്തിന്റെ ഹിന്ദി റീമേക്കിലും റീമ തന്നെയാണ് നായിക.

സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംങ് ആന്റ് കമ്മീഷണര്‍.

മമ്മൂട്ടിയുടെ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ്, സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐപിഎസ് മോളിവുഡിലെ സൂപ്പര്‍പവര്‍ ഹീറോമാരുടെ സംഗമം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജോസഫ് അലക്‌സും ഭരത്ചന്ദ്രനും ഒരുമിക്കുന്നതു അങ്ങ് ഇന്ദ്രപ്രസ്ഥത്തിലാണ്. ഒരു കുറ്റാന്വേഷണത്തിന്റെ വഴിയില്‍ രണ്ടുപേര്‍ക്കും ഒരുമിക്കേണ്ടി വരുന്നു. അധികാരത്തിന്റെ ഇടവഴികളിലൂടെ ആരെയും കൂസാതെയുള്ള യാത്രയില്‍ ജോസഫ് അലക്‌സിന്റെയും ഭരത്ചന്ദ്രന്റെയും സ്വഭാവം പഴയതില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ടീം നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.