എഡിറ്റര്‍
എഡിറ്റര്‍
റീബോക്ക് മുന്‍ എം.ഡിക്കും സി.ഒ.ഒയ്‌ക്കെതിരെയും കേസ്: 87,00 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍
എഡിറ്റര്‍
Wednesday 23rd May 2012 11:17am

ന്യൂദല്‍ഹി: റീബോക്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ 8,700 കോടിയുടെ തട്ടിപ്പ് കേസ്. മുന്‍ എം.ഡി സുബീന്ദര്‍ സിംഗ് പ്രേമിനും മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിഷ്ണു ഭഗത്തിനും എതിരെയാണ് കേസ്. തട്ടിപ്പ്, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

പ്രേം, ഭഗത് എന്നിവര്‍ രഹസ്യ ഗൊഡൗണുണ്ടാക്കി തങ്ങളുടെ ഉല്പന്നങ്ങള്‍ കൊള്ളയടിച്ചുവെന്ന റീബോക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചതായും, വില്പന നടത്തിയതായി വ്യാജരേഖയുണ്ടാക്കി കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.

ഇവര്‍ നടത്തിയ അഴിമതി പുറത്തായതിനെ തുടര്‍ന്ന്  2012 മാര്‍ച്ച് 26ന് സിംഗിനെ കമ്പനിയില്‍ നിന്നും പുറത്താക്കിയിരുന്നു. അഡിഡാസ്, റീബോക്ക് ബ്രാന്റുകളുടെ ഏകീകരണത്തിന്റെ ഭാഗമായി 2011ല്‍ അഡിഡാസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി സിംഗിനെ ചുമതലയേല്‍പ്പിച്ചിരുന്നു. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഭഗത്തും കമ്പനിയില്‍ നിന്ന് പുറത്തായി.

പിന്നീട് കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ഷാഹിം പഡത്ത് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗുര്‍ഗൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മേലധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെ സിംഗും ഭഗത്തും ചേര്‍ന്ന് നാല് ഗോഡൗണുകള്‍ വാടകയ്‌ക്കെടുത്തിരുന്നു. ഉല്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ഈ ഗൊഡൗണുകള്‍ ഉപയോഗിക്കുകയും വിശ്വസ്തര്‍ക്ക് ഇവ വിതരണം ചെയ്യുകയും ചെയ്‌തെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ ഉല്പന്നങ്ങള്‍ എതിര്‍ കമ്പനികള്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സിംഗും ഭഗത്തും 16 വര്‍ഷമായി റീബോക്കില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ നടത്തിയ തട്ടിപ്പ് കാരണം റീബോക്കിലെയും അഡിഡാസിലെയും 40,000ത്തോളം ആളുകളുടെ ജോലി നഷ്ടപ്പെടുമെന്ന നിലയാണുള്ളതെന്നാണ് റീബോക്ക് പറയുന്നത്.

Advertisement