ആലപ്പുഴ: ഭക്ഷ്യ എണ്ണ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പ്രതീക്ഷകള്‍ക്കിടിയിലും വെളിച്ചെണ്ണ-കൊപ്ര വിപണിയില്‍ കനത്ത തകര്‍ച്ച. ഭക്ഷ്യ എണ്ണകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചതോടെ കേരളത്തിലെ വെളിച്ചെണ്ണ വിപണി തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് വില കുത്തനെ താഴുന്നത്.

Ads By Google

വെളിച്ചെണ്ണ വില ആലപ്പുഴ വിപണിയില്‍ ഇന്നലെ 5480 രൂപയായി താഴ്ന്നു. കഴിഞ്ഞ വാരം അവസാനം വെളിച്ചെണ്ണയ്ക്ക് 5650 രൂപയും കൊപ്രായ്ക്ക് 3800-3850 രൂപയായിരുന്നു. കൊപ്ര വിലയാകട്ടെ ഇപ്പോള്‍ 3700-3800 ലേക്ക് കുറഞ്ഞു. ഇന്നലത്തെ വെളിച്ചെണ്ണ വില പ്രകാരം നാളികേരം ഒന്നിന് പരമാവധി ലഭിക്കാവുന്നത് 5.00- 5.50 രൂപയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് അനധികൃതമായി വെളിച്ചെണ്ണ കടത്തിക്കൊണ്ടുവരുന്നതാണ് കേരളത്തില്‍ വെളിച്ചെണ്ണ വില കുത്തനെ കുറയാന്‍ കാരണം. നികുതിവെട്ടിപ്പ് നടത്തിയുള്ള വെളിച്ചെണ്ണ കി.ഗ്രാമിന് 50 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള വെളിച്ചെണ്ണ പായ്ക്കറ്റുകള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഭക്ഷ്യ എണ്ണ കയറ്റുമതി നിയന്ത്രണം പിന്‍വലിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതി തുടങ്ങുമ്പോള്‍ കേരളത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാചകാവശ്യത്തിനായി പ്രതിവര്‍ഷം 20,000 ടണ്‍ ഭക്ഷ്യഎണ്ണ കയറ്റുമതി ചെയ്യാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. അഞ്ചുകിലോഗ്രാം വരെ വെളിച്ചെണ്ണ പായ്ക്കറ്റുകളിലാക്കി അയയ്ക്കാനാണ് അനുവാദം ലഭിച്ചിട്ടുള്ളത്. വിവിധ തുറമുഖങ്ങള്‍ വഴി കയറ്റി അയക്കാന്‍ നീക്കം ആരംഭിച്ചതോടെ വെളിച്ചെണ്ണ വില ഉയരുമെന്നാണു നാളികേര വികസന ബോര്‍ഡ് കരുതുന്നത്.