ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേരളത്തിന് തിരിച്ചടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ഹരജി സുപ്രീംകോടതി തള്ളി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കേരളം ഹരജി പിന്‍വലിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്ന് സുപ്രീംകോടതി. ഡാമിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇരുസംസ്ഥാനങ്ങളെയും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണം. മനുഷ്യന്റെയും ജീവജാലങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും സുപ്രീംകോടതി പറഞ്ഞു.

Subscribe Us:

കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. മഴയും ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തിര സാഹചര്യമെന്താണെന്ന് കോടതി ചോദിച്ചു. അടിയന്തിര സാഹചര്യമുണ്ടായാല്‍ തീരുമാനമെടുക്കാനുള്ള അധികാരം ഉന്നതാധികാര സമിതിക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കോടതിയുടെ പരാമര്‍ശങ്ങള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിന് തമിഴ്‌നാടിനെ സുപ്രീംകോടതി വിമര്‍ശിച്ചു. രാഷ്ട്രീയ ലാഭത്തിന് കോടതിയെ ഉപയോഗിക്കരുത്. 136 അടി പിന്നിട്ടിട്ടും തമിഴ്‌നാട് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു.

കേരളത്തിന്റെ ഒന്നും തമിഴ്‌നാടിന്റെ രണ്ടും അപേക്ഷകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഡാമിന്റെ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫിനെ നിയോഗിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ഒരു ആവശ്യം. സി.ഐ.എസ്.എഫിനെ നിയോഗിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. മറ്റന്നാള്‍ ഇതു സംബന്ധിച്ച് തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും അണക്കെട്ടിനെക്കുറിച്ച് ആശങ്ക ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും തടയുക എന്നതായിരുന്നു തമിഴ്‌നാടിന്റെ രണ്ടാമത്തെ ആവശ്യം. എന്നാല്‍ തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Malayalam News
Kerala News in English