എഡിറ്റര്‍
എഡിറ്റര്‍
പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Thursday 22nd November 2012 2:17pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഏത് വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ഏത് വിഷയത്തിലും പ്രതികരിക്കാന്‍ തയ്യാറാണെന്നും ചോദ്യത്തിന് മറുപടി നല്‍കാന്‍ സന്നദ്ധനാണെന്നും മന്‍മോഹന്‍ സിങ് അറിയിച്ചു.

Ads By Google

ശീതകാലസമ്മേളനം സുഗമമായി നടത്താന്‍ പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചു പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഭരണത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.

നിരവധി സുപ്രധാന നിയമനിര്‍മാണങ്ങള്‍ ഈ സമ്മേളനത്തില്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിക്കുകയാണ്. രാജ്യം വിവിധ മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശീതകാലസമ്മേളനത്തിന് പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ തൃണമൂല്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് തള്ളി. പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായ എം.പിമാരുടെ പിന്തുണ ലഭിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തള്ളിയത്.

ഇന്ന് രാവിലെ ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് നോട്ടീസ് അവതരിപ്പിച്ചത്. തൃണമൂലിന് വേണ്ടി സുദീപ് ബന്ദോപാധ്യായയാണ് നോട്ടീസ് കൊണ്ടുവന്നത്.

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ഇരു സഭകളുടെയും തുടക്കം. രാജ്യസഭ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു.  നോട്ടീസിന് 22 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ.

Advertisement