തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ എച്ച്‌ഐവി/എയ്ഡ്‌സ്/പകര്‍ച്ച വ്യാധികള്‍ക്കെതിരേ റെഡ് റിബണ്‍ എക്‌സ്പ്രസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ട്രെയിന്‍ കാമ്പയിന്‍ ഏപ്രില്‍ 23-ന് കേരളത്തിലെത്തും.  എക്‌സ്പ്രസ് കേരളത്തിലെത്തുന്നതിനു മുന്നോടിയായുള്ള അവലോകന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് കമ്മറ്റി റൂമില്‍ ചേര്‍ന്നു.  വിവിധ വകുപ്പുകള്‍ പദ്ധതിക്കായി സ്വീകരിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത യോഗത്തില്‍ പരിപാടിയുടെ തുടര്‍ നടപടികളും അത് ജനങ്ങളിലെത്തിക്കാനായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 23-ന് എത്തുന്ന എക്‌സിബിഷന്‍ തീവണ്ടി 24 മുതല്‍ മെയ് മാസം അഞ്ചുവരെ വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനവും രോഗ നിര്‍ണയവും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് അവബോധ പ്രവര്‍ത്തനവും നടത്തും.  പാലക്കാട് ഒരു ദിവസം പ്രദര്‍ശനം നടത്തുന്ന എക്‌സിബിഷന്‍ ട്രെയിന്‍ 24,25 തീയതികളില്‍ കണ്ണൂര്‍, 26,27 തീയതികളില്‍ കോഴിക്കോട്, 28-ന് തൃശൂര്‍, 29,30 തീയതികളില്‍ എറണാകുളം, മേയ് ഒന്ന്, രണ്ട് തീയതികളില്‍ ആലപ്പുഴ, മൂന്ന്, നാല് തീയതികളില്‍ കൊല്ലം, മേയ് അഞ്ചിന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേകം തയാറാക്കിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനം നടത്തും.

2007-08, 2008-09 വര്‍ഷങ്ങളിലായി ഒന്നും രണ്ടും ഘട്ടം കാമ്പയിനുകള്‍ നടത്തിയതിന്റെ തുടര്‍പരിപാടിയായാണ്  2012-ല്‍ മൂന്നാം ഘട്ട കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.  മൂന്നാം ഘട്ട കാമ്പയിന്റെ ദേശീയതല ഉദ്ഘാടനം ജനുവരി 12-ന് ദേശീയ യുവജന ദിനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എക്‌സിബിഷന്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചിരുന്നു. എച്ച്‌ഐവി/എയ്ഡ്‌സ് മുതലായവയെക്കുറിച്ചുള്ള സംശയ ദൂരീകരണം, രോഗബാധിതരോട് സമൂഹത്തിനുള്ള ഭയാശങ്കകള്‍ ഇല്ലാതാക്കല്‍, മേഖലയിലുണ്ടായിരിക്കുന്ന പുതിയ ചികിത്സാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തല്‍, രോഗ പ്രതിരോധം മുതലായവയെക്കുറിച്ച് അറിവു നല്‍കുകയാണ് റെഡ് റിബണ്‍ എക്‌സ്പ്രസ് എക്‌സിബിഷന്‍ വഴി ഉദ്ദേശിക്കുന്നത്.

യുവാക്കളെയും സ്ത്രീകളെയുമാണ് ഇക്കുറി എക്‌സിബിഷന്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.  ജനപ്രതിനിധികളെയും എന്‍.സി.സി, പോലീസ് ഉള്‍പ്പെടെയുള്ള യൂണിഫോം സര്‍വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.  പാരലല്‍ കോളജുകള്‍, ഓപ്പണ്‍ സ്‌കൂള്‍ മുതലായവയും ലക്ഷ്യം വയ്ക്കുന്നുണ്ട്.  യുവജനങ്ങളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

എട്ട് കോച്ചുകളിലായാണ് ട്രെയിനില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള കോച്ചുകളില്‍ എച്ച്.ഐ.വി/ എയ്ഡ്‌സ് എന്നിവ സംബന്ധിച്ച എക്‌സിബിഷനാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തേതില്‍ എയ്ഡ്‌സ്-വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളും രണ്ടാം കോച്ചില്‍ ചികിത്സാ രീതികളെയും മൂന്നാമത്തേതില്‍ യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രത്യേക പ്രദര്‍ശനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലമത്തെ കോച്ചില്‍ പൊതു ആരോഗ്യമേഖലയെയും രോഗങ്ങളെയും കുറിച്ച് പ്രദര്‍ശനം നടക്കും.

ഓഡിറ്റോറിയമായി സജ്ജീകരിച്ചിരിക്കുന്ന അഞ്ചാമത്തെ കോച്ചില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിശീലിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഇവിടെ മൂന്നു ബാച്ചുകള്‍ക്ക് പരിശീലനം നല്‍കും.ആറാം കോച്ചില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ എയ്ഡ്‌സ് പരിശോധനകളും കൗണ്‍സിലിംഗും ചികിത്സയും നല്‍കും.മുന്‍ കാമ്പയിന്‍ സമയത്ത് ഇത്തരത്തില്‍ 855 പേരെ പരിശോധന നടത്തിയതില്‍ നിന്നും നാലുപേരെ എയ്ഡ്‌സ് ബാധിതരായി കണ്ടെത്തിയിരുന്നു. എക്‌സിബിഷന്‍ ട്രെയിനിലെ ഏഴും എട്ടും കോച്ചുകള്‍ ഓഫീസായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇതോടനുബന്ധിച്ച് സേറ്റേഷനുകള്‍ക്ക് പുറത്ത് രക്തനിര്‍ണയ-ദാന ക്യാമ്പും സംഘടിപ്പിക്കും.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.  ഇതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമിലേക്ക് എക്‌സിബിഷന്‍ വണ്ടി വരുന്നതിനു മുമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് , പത്ര-ദൃശ്യ മാധ്യമങ്ങള്‍ , എഫ്എം റേഡിയോകള്‍, ദൂരദര്‍ശന്‍, ആകാശവാണി മുതലായവയിലൂടെയും റെഡ് റിബണ്‍ എക്‌സ്പ്രസിനെ സംബന്ധിച്ച് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ യോഗം തീരുമാനിച്ചു.  തീവണ്ടി എത്തിച്ചേരാന്‍ കഴിയാത്തിടത്ത് ബസ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശം ജനങ്ങളിലെത്തിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.  പ്രതിദിനം എട്ടു ഗ്രാമങ്ങളില്‍ ബസ് മുതലായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും.

തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്  ഉള്‍പ്പെടെ വിവിധയിടങ്ങളില്‍  ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  തൊഴിലാളികള്‍ക്കും എയ്ഡ് ബോധവല്‍ക്കരണം നല്‍കാനുള്ള സൗകര്യം എര്‍പ്പെടുത്തും.  സംസ്ഥാന അതിര്‍ത്തി പ്രദേശമായ പാലക്കാട് മേഖലയില്‍ ജനങ്ങളെയും തൊഴിലാളികളെയും അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.ഇതിനായി വിവിധ ജില്ലാ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി.

പദ്ധതിക്കായി ദേശീയതലത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി ചെയര്‍മാനും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ കോ-ചെയര്‍മാനുമായി 16 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനുമായും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലും സമതികള്‍ രൂപീകരിച്ചിട്ടുണ്ട്.

പരിശീലകരും സന്നദ്ധ പ്രവര്‍ത്തകരും ഇതിനോടകം തയാറായി കഴിഞ്ഞതായും യോഗം വിലയിരുത്തി. യോഗത്തില്‍ പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍വെ, യുവജനക്ഷേമം, പൊതുവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ  പ്രതിനിധികളും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.