ഫോട്ടോ: വരുണ്‍ രമേശ്

കൂടംകുളം: സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെ വിമോചന പോരാളിയാക്കാനുള്ള സി.പി.ഐ.എം ശ്രമവും അതിനെ എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള സഭയുടെ നീക്കവും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ പള്ളിയുടെ അള്‍ത്താരയില്‍ വര്‍ഷങ്ങളായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചെങ്കൊടിയുടെ കാര്യം പറയുന്നത് നന്നായിരിക്കും.

കൂടംകുളത്തിനടുത്തുള്ള ഉവ്വരിയെന്ന ഗ്രാമത്തിലെ പള്ളിയില്‍ യേശുക്രിസ്തുവിനും വിശുദ്ധര്‍ക്കുമൊപ്പം ചെങ്കൊടിയും സ്ഥാനം പിടിച്ചിട്ട് വര്‍ഷം ഒരുപാടായി. ഉവ്വരിയിലെ കപ്പല്‍മാത (സെല്‍വമാത) പള്ളിയിലാണ് പഴയ സോവിയറ്റ് യൂണിയന്‍ കൊടിയുള്ളത്.

1974ലാണ് സെല്‍വ മാതാ പള്ളി ഇവിടെ സ്ഥാപിച്ചത്. അന്നുമുതല്‍ ഇവിടുത്ത ചുമരില്‍ സ്ഥാനം പിടിച്ചതാണ് പഴയ സോവിയന്റ് യൂണിയന്റെ ചെങ്കൊടി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചെങ്കൊടി ആരും ഇവിടെ നിന്ന് മാറ്റിയിട്ടില്ല. സെന്റ് പോളിന്റെയും സെന്റ് പീറ്ററിന്റെയും അരികിലാണ് കൊടി സ്ഥാപിച്ച ചുവരുള്ളത്. ക്രിസ്ത്യന്‍ പള്ളിയുടെ സുപ്രധാന ആരാധന കേന്ദ്രമായ ദിവ്യമായ അള്‍ത്താരയിലാണ് ഈ കൊടിയും സ്ഥാപിച്ചിരിക്കുന്നത്.

ഈ കാലഘട്ടത്തിലെ വിമോചന പോരാളിയായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്രിസ്തുവിനെ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന്‌ വിവാദം ഉയരുന്ന സാഹചര്യത്തിലാണ് ഈ പള്ളിയുടെ അള്‍ത്താരയിലുള്ള ചെങ്കൊടി കൗതുകമാവുന്നത്.