എഡിറ്റര്‍
എഡിറ്റര്‍
വിസ തട്ടിപ്പ്: മലയാളികള്‍ ഉള്‍പ്പെടെ 6,000 ത്തോളം പേര്‍ മുംബൈയില്‍
എഡിറ്റര്‍
Saturday 8th September 2012 9:14am

മുംബൈ: വിസ തട്ടിപ്പിനിരയായി 6000ത്തോളം പേര്‍ മുംബൈയില്‍ കുടുങ്ങിക്കിടക്കുന്നു. ലിബിയയിലേക്ക് പോകാനായി വിസ നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും 25,000 രൂപയോളം കൈപ്പറ്റിയിരുന്നു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് വിസ നല്‍കാമെന്ന് പറഞ്ഞ് ചതിച്ചത്.

Ads By Google

ഇതില്‍ 30 ഓളം പേര്‍ മലയാളികളാണ്. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍, പയ്യോളി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമുള്ളവരാണ് ഇതില്‍ അധികവും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമേ ദല്‍ഹി, മുംബൈ, ചണ്ഡീഗഢ്, ഹരിയാന, പഞ്ചാബ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പിനിരയായി മുംബൈയിലുണ്ട്.

മൂന്ന് മാസം മുമ്പാണ് വിസയ്ക്കുവേണ്ടി ഈ കമ്പനിയുമായി ഇവര്‍ ബന്ധപ്പെടുന്നത്. ലിബിയയിലേക്ക് 6,000ത്തോളം പേരെ ജോലിക്കായി റിക്രൂട്ട് ചെയ്യുമെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന ഉറപ്പ്. ഇതേത്തുടര്‍ന്ന് ഇവര്‍ ദല്‍ഹിയിലെത്തുകയും എജന്‍സി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഏജന്‍സി അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് എസ് ബാങ്കിന്റെ ദല്‍ഹി ശാഖയിലെ 018483800300997 എന്ന അക്കൗണ്ടിലേക്ക് 25,000 രൂപ അടയ്ക്കുകയും ചെയ്തു.

സെപ്റ്റംബര്‍ ഒന്നിന് ദല്‍ഹിയിലെത്താനും അവിടെ നിന്നും സെപ്റ്റംബര്‍ 3ാം തീയ്യതി ലിബിയയിലേക്ക് പോകാമെന്നുമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന ഉറപ്പ്. ഇതനുസരിച്ച് സെപ്റ്റബര്‍ ഒന്നിന് ഇവര്‍ ദല്‍ഹിയിലെത്തിയെങ്കിലും മൂന്നാം തിയ്യതി മുംബൈയിലേക്ക് അയക്കുകയാണുണ്ടായത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് പോകേണ്ടതെന്നും അവിടെ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവരെ അറിയിച്ചു. മുംബൈയിലെ ഒരു ലോഡ്ജില്‍ തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഒരു കാര്‍ഡ് ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് മുംബൈയിലെത്തിയ ഇവര്‍ ഹോട്ടലില്‍ താമസിച്ചു. എന്നാല്‍ വെള്ളിയാഴ്ച ഹോട്ടല്‍ അധികൃതര്‍ ഇവരോട് 8,000 രൂപ ആവശ്യപ്പെടുകയും എന്നാല്‍ മാത്രമേ ഹോട്ടലില്‍ താമസിക്കാന്‍ അനുവദിക്കൂവെന്ന് പറയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പണമടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഇവര്‍ ഹോട്ടലില്‍ നിന്നിറങ്ങി പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കഴിഞ്ഞുകൂടുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചമുതല്‍ ഏജന്‍സിയുമായി ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലാന്റ് ലൈനും മൊബൈലും സ്വിച്ച് ഓഫ് ആയിരുന്നെന്നാണ് ഇവര്‍ പറയുന്നത്. സുലേഖ എന്ന സ്ത്രീയാണ് ഏജന്‍സി നടത്തിയിരുന്നതെന്നും ഇവര്‍ പറയുന്നു.

ദല്‍ഹി പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇന്നലെ ഉച്ചയ്ക്കുശേഷം ഈ ഏജന്‍സി തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മനസിലായത്. ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ അധികൃതര്‍ പിന്നീട് വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.

ആഭ്യന്തര കലാപത്തിനുശേഷം ലിബിയയിലേക്ക് ഇന്ത്യക്കാരെ അയക്കാന്‍ എന്‍.ഒ.സി  നല്‍കിയിരുന്നില്ല.

Advertisement