എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് വേട്ടക്കായി ആദിവാസികള്‍ക്ക് ദിവസക്കൂലി: കേരള സര്‍ക്കാറിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി
എഡിറ്റര്‍
Wednesday 13th November 2013 9:15am

sudershan-reddy

ന്യൂദല്‍ഹി: മാവോയിസ്റ്റ് വേട്ടക്കായി ആദിവാസികളെ ദിവസം 500 രൂപ വേതനം നല്‍കി നിയമിക്കണമെന്ന കേരള സര്‍ക്കാരിന്റെ നയത്തിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി രംഗത്തെത്തി.

കേരള സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി

മാവോയിസ്റ്റ് അക്രമങ്ങളെ ചെറുക്കാനായി സാധാരണ ജനങ്ങളെ ഉള്‍പ്പെടുത്തി ഛത്തീസ്ഗഡ്  സര്‍ക്കാര്‍ രൂപംകൊടുത്ത സാല്‍വ ജുദും നിര്‍ത്തലാക്കിയ വ്യക്തി കൂടിയാണ് സുപ്രീം കോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി.

ജനങ്ങള്‍ ആയുധം കൈയിലെടുത്തു ഭീകരവിരുദ്ധപോരാട്ടം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അന്ന് ഇദ്ദേഹത്തിന്റെ നിരീക്ഷണം.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് 100 ആദിവാസി യുവാക്കളെ ദിവസം 500 രൂപ കൂലി കൊടുത്ത് ഉള്‍ക്കാടുകളില്‍ മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

മാവോയിസ്റ്റുകള്‍ അവരുടെ വിധ്വംസകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ആദിവാസികളെ ആയുധമാക്കുകയാണെന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്. ആദിവാസികളുടെ പിന്തുണയോടെ മാത്രമേ അവര്‍ക്ക് ശക്തിനേടാനാവുകയുളളൂ എന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി കോളനികളിലാണ് മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന.

കേരളത്തെ പോലൊരു ക്ഷേമരാഷ്ട്രത്തില്‍ നിന്നാണ് ഇത്തരൊരു പ്രസ്താവന വന്നിരിക്കുന്നത് എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി.

2011 ലെ സുപ്രീം കോടതി വിധിയില്‍ എന്താണോ ഞാന്‍ പറഞ്ഞിരിക്കുന്നത് അതിന്റെ നേര്‍ എതിരായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സാല്‍വാ ജുദും ആരംഭിച്ചതിന് തുല്യമാണ് ഇതും.

ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്- റെഡ്ഡി പറഞ്ഞു.

ആദിവാസികളെ മറ്റുള്ളവര്‍ക്കെതിരെ തിരിക്കുന്നത് രണ്ടുപേരെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാകും എന്നതാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ആഭ്യന്തരമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം ആദിവാസി നേതാക്കളും അവരുടെ സംഘടനകളും മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ അറിയാനായി കേന്ദ്ര ഏജന്‍സിയെ സമീപിച്ചിരുന്നു.

മാവോയിസ്റ്റ് വേട്ടയ്ക്കായി കേരളം നിലവില്‍ തന്നെ 11 കോടിയോളം രൂപ ചിലവഴിച്ചുകഴിഞ്ഞെന്നാണ് അവര്‍ക്ക് വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.

വേണ്ട വിധത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാതെയും വേണ്ട വിധത്തിലുള്ള ട്രെയിനിങ് നല്‍കാതെയുമാണ് ആദിവാസി യുവാക്കളെ മാവോയിസ്റ്റ് വേട്ടയ്ക്കായി അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

മാവോയിസ്റ്റുകളുടെ മുന്നിലേക്ക് അയയ്ക്കപ്പെടുന്ന ഇവരുടെ ജീവന് പുല്ലുവില പോലും ഭരണകൂടം കല്‍പ്പിക്കുന്നില്ല. മാവോയിസ്റ്റുകളാണെങ്കില്‍ ആയുധവുമായും വേണ്ട പരിശീലനങ്ങള്‍ ലഭിച്ചുമാണ് ഇവര്‍ക്ക് മുന്നിലേക്ക് എത്തുക. ഇത് സര്‍ക്കാര്‍ ഒരു പ്രൈവറ്റ് ആര്‍മിയെ റിക്രൂട്ട് ചെയ്യുന്നത് പോലെയാണെന്നും റെഡ്ഡി പറയുന്നു.

Advertisement