ന്യൂദല്‍ഹി: ഈ വര്‍ഷം രാജ്യത്ത് റെക്കോര്‍ഡ് ഭക്ഷ്യധാന്യ വിളവെടുപ്പ് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ കര്‍ഷകര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ലക്ഷ്യമിട്ടതിനേക്കാളും കൂടുതലായിരിക്കും വിളവെടുപ്പെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടന്ന ശില്‍പ ശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 കോടി ടണ്‍ റെക്കോഡ് ഭക്ഷ്യധാന്യ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ 50 ലക്ഷം ടണ്‍ ഇത്തവണ കൂടുതല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പരുത്തി ഉല്‍പാദനത്തിലും റെക്കോഡ് വിളവാണ് പ്രതീക്ഷിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക വിതരണ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നു ശില്‍പശാലയില്‍ പങ്കെടുത്ത ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ഭക്ഷ്യവിതരണ ശൃംഖലയില്‍ സംഘടിതമേഖലയെ ശക്തിപ്പെടുത്താനാണു സംസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സംഘടിപ്പിച്ച കാര്‍ഷികോല്‍പാദനത്തെക്കുറിച്ചുള്ള ശില്‍പശാലയില്‍ 20 ഗവര്‍ണര്‍മാരും എട്ട് കേന്ദ്രമന്ത്രിമാരും അഞ്ച് മുഖ്യമന്ത്രിമാരും 37 കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും സംബന്ധിച്ചു.

Malayalam News

Kerala News In English