മുംബൈ: ഇന്ത്യന്‍ വാഹനവിപണിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെയും കാറുകളുടേയും വില്‍പ്പനയാണ് ടോപ്പ് ഗിയറില്‍ കുതിക്കുന്നത്. കാര്‍- ബൈക്ക് വില്‍പ്പനകളില്‍ മുമ്പില്ലാത്തവിധം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് മാരുതി സുസുക്കി, ഹ്യൂണ്ടായി, ഹീറോ ഹോണ്ട എന്നിവയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കിയുടെ കാര്‍വില്‍പ്പനയില്‍ ഒക്ടോബര്‍ മാസം 39 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കാര്‍വില്‍പ്പനയില്‍ ഹ്യൂണ്ടായ് മോട്ടോഴ്‌സാണ് മാരുതി സുസുക്കിയുടെ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. കമ്പനിയുടെ കാര്‍വില്‍പ്പനയില്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോര്‍സ് 21 ശതമാനം വര്‍ധനവ് നേടിയപ്പോള്‍ മഹീന്ദ്ര-മഹീന്ദ്രയുടെ വില്‍പ്പനയില്‍ 34.38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒക്ടോബറോടെ ഹീറോഹോണ്ടയുടെ വില്‍പ്പന അഞ്ച്‌ലക്ഷം കവിഞ്ഞു. 42 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയിലുണ്ടായത്. ടി വി എസ് മോട്ടോര്‍സ് 46 ശതമാനം വര്‍ധനവും യമഹയ 19 ശതമാനവും സുസുക്കിയുടെ വില്‍പ്പനയില്‍ 60 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.