ന്യൂദല്‍ഹി: ഗ്രാമീണ മേഖലയില്‍ വ്യക്തികള്‍ക്ക് കൈവശം വെയ്ക്കാവുന്ന ഭൂപരിധി കുറക്കാന്‍ ശുപാര്‍ശ. നാട്ടില്‍ സ്ഥിരതാമസമാക്കിയവരുടെ ഭൂപരിധി പകുതിയാക്കാനുള്ള സുപ്രധാന ശുപാര്‍ശകളടങ്ങിയ ഭൂപരിഷ്‌കരണത്തിനായുള്ള റിപ്പോര്‍ട്ട് സെക്രട്ടറിതല സമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

വീടില്ലാത്തവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി കേന്ദ്ര സഹായം വര്‍ധിപ്പിക്കണം. നിലവിലെ 55 ശതമാനത്തില്‍ നിന്നും ഇത് 70 ശതമാനമാക്കണം. ഭൂമി സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണം. ആദിവാസി ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. ഭൂതര്‍ക്കങ്ങളില്‍ അന്തിമാധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണം തുടങ്ങിയ സുപ്രധാന ശുപാര്‍ശകള്‍ അടങ്ങിയതാണ് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത്.

ഈ ശുപാര്‍ശകള്‍ ഒക്ടോബര്‍ ആദ്യവാരം ചേരുന്ന ദേശീയ ഭൂപരിഷ്‌കരണ യോഗം ചര്‍ച്ച ചെയ്യും.