Categories

തലശ്ശേരി ദം ബിരിയാണി

recipe-01

എല്ലാവരും കേട്ടിട്ടുള്ള വിഭവമാണല്ലോ തലശ്ശേരി ദം ബിരിയാണി. എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള വിഭവം… ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ദം ബിരിയാണി തായ്യാറാക്കാം.. ഇതാ അടിപൊളി ദം ബിരിയാണി തയ്യാറാക്കുന്ന വിധം

ചേരുവകള്‍

ഇറച്ചി കഷ്ണങ്ങള്‍(വലുത്)- 10 എണ്ണം
ചെറിയ ബിരിയാണി അരി- 1 1/2 കിലോ
സവാള (കനം കുറച്ച് ചെറുതായി അരിഞ്ഞത്)- 8 എണ്ണം
നെയ്യ്- 300 ഗ്രാം
തക്കാളി (ചെറുതായി അരിഞ്ഞത്)- 10 എണ്ണം
പച്ചമുളക് (ചതച്ചത്)- 13 എണ്ണം
ഇഞ്ചി (ചതച്ചത്)- വലിയൊരു കഷ്ണം
വെളുത്തുളളി- 2 എണ്ണം
പൊതീനയില- ആവശ്യത്തിന്
മല്ലിയില- 1 പിടി
ചെറുനാരങ്ങ- 2 എണ്ണം
അണ്ടിപ്പരിപ്പ്, മുന്തിരി- 20 എണ്ണം വീതം
ഗരം മസാല( ഏലയ്ക്ക, ജാതിക്ക, ജാതിപത്രി, പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട, നല്ല ജീരകം എന്നിവ വറുത്ത് പൊടിച്ചത്)- ഒരു ടീസ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഗ്രാമ്പൂ- 2 എണ്ണം
ഏലയ്ക്ക- 2 എണ്ണം
റോസ് വാട്ടര്‍- 1 ടീസ്പൂണ്‍
കുങ്കുമപ്പൂ പാലില്‍ കലക്കിയത്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ അമ്പത് ഗ്രാം നെയ്യ് ഒഴിച്ച് ചൂടാക്കി അതില്‍ സവാള നന്നായി വഴറ്റുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കാം. ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതിലേയ്ക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് നന്നായി വഴറ്റുക. എണ്ണയോ, നെയ്യോ ഉപയോഗിക്കേണ്ടതില്ല. തക്കാളി നന്നായി വാടി വരുമ്പോള്‍ അതിലേയ്ക്ക് പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചത് ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള്‍ അതിലേയ്ക്ക് ഇറച്ചി കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളവും ഒഴിക്കണം. ആവശ്യത്തിന് ഉപ്പും, പൊതീനയിലയും ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇറച്ചിയിലെ വെള്ളം വറ്റിപ്പോകാതെ നോക്കണം. കോഴി വെന്തതിന് ശേഷം അതിലേയ്ക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന സവാള വഴറ്റിയതില്‍ കുറച്ചെടുത്ത് ചേര്‍ക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഒരു സ്പൂണ്‍ ഗരം മസാല, നാരങ്ങാ നീര്, ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള്‍ ഇറച്ചി അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക.

രണ്ട് ലിറ്റര്‍ വെള്ളം  ഒരു പാത്രത്തിലെടുത്ത്  തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് 100 ഗ്രാം നെയ്യ് ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് അരി കഴുകിയിടുക. രണ്ട് സ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല്‍ കുറച്ച് നേരം ആവിയില്‍ വേവിക്കുക. ഏകദേശം എണ്‍പത് ശതമാനം വെന്ത് കഴിഞ്ഞാല്‍ അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില്‍ വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ഉള്ളി വഴറ്റിയതും, മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് നിരത്തുക. അതിലേയ്ക്ക് പാലില്‍ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും ഇതിന് മുകളില്‍ നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള സവാള വഴറ്റിയത് കൂടി ഇടുക. ദം ആക്കാന്‍ ഒരു തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില്‍  ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. ഇങ്ങനെ പത്ത് മിനിറ്റ് വേവിച്ചാല്‍ തലശ്ശേരി ദം ബിരിയാണി തയ്യാര്‍.