എഡിറ്റര്‍
എഡിറ്റര്‍
മാമ്പഴ പുളിശ്ശേരി
എഡിറ്റര്‍
Tuesday 12th November 2013 2:36am

mampaza-pulissery

മാമ്പഴവും മാമ്പഴക്കാലവുമെല്ലാം എല്ലാവരിലും ഗൃഹാതുരതയുണര്‍ത്തും. മാമ്പഴ പുളിശ്ശേരിയുടെ കാര്യവും മറിച്ചല്ല. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരമില്ലാത്തവര്‍ ചുരുക്കമായിരിക്കും.

ചേരുവകള്‍

നല്ല പുളിയുള്ള പഴുത്ത മാമ്പഴം- 3 എണ്ണം
നല്ല പുളിയുള്ള കട്ട തൈര്-1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍
പച്ച മുളക് നെടുകെ കീറിയത്- 6 എണ്ണം
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത്- 6 എണ്ണം
തക്കാളി നാലായി കീറിയത്- 1 എണ്ണം
നാടന്‍ വെളുത്തുള്ളി ചതച്ചത്- 5 അല്ലി
കറിവേപ്പില- 1 ബഞ്ച്
തേങ്ങ തിരുകിയത്-ഒരു കപ്പ് ( മൂക്കാത്ത പച്ച തേങ്ങ വേണം )
ഉലുവ-ഒരു നുള്ള്
കടുക്-1 നുള്ള്
ജീരകം- ഒരു നുള്ള്
മഞ്ഞള്‍ പൊടി-2 ടീസ്പൂണ്‍
മുളക് പൊടി- 1 ടീസ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്
വെള്ളം- മൂന്ന് കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യമായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് അണ്ടിയോട് കൂടി ഞെരടി ഒരു പാത്രത്തില്‍ വെക്കുക.

ഇനി മിക്‌സിയില്‍ തിരുകിയ തേങ്ങ,മഞ്ഞള്‍ പൊടി,മുളക് പൊടി,പച്ചമുളക് എന്നിവയിട്ട് ഒരു കപ്പ് വെള്ളം ചേര്‍ത്ത് നല്ല അരയ്ക്കുക.

ഈ അരപ്പും മാറ്റി വയ്ക്കുക. അടുപ്പത്ത് ചീന ചട്ടി വച്ച് ചൂടായതിനു ശേഷം കടുക് ഇട്ട് പൊട്ടിയതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയും, ഇഞ്ചിയും, വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക.

നന്നായി മൂത്ത് വരുമ്പോള്‍ ഉലുവയും, ജീരകവും, കറിവേപ്പിലയും ഇട്ട് മൂത്തതിന് ശേഷം അതില്‍ നാലായി കീറി വച്ചിരിക്കുന്ന തക്കാളി ഇട്ട് ഒന്ന് ചെറുതായി വഴറ്റുക.

അരച്ച് വച്ചിരിക്കുന്ന അരപ്പ് അതിലേക്കു ഒഴിച്ച് രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് പച്ച ചുവ മാറുന്ന വരെ തിളപ്പിക്കുക.

എന്നിട്ട് ഞെരടി വച്ചിരിക്കുന്ന മാമ്പഴം അതിലേക്ക് ഇട്ട് രണ്ടു മിനിട്ട് വെന്തതിനു ശേഷം അടുപ്പിലെ തീയണക്കുക.

മാറ്റി വച്ചിരിക്കുന്ന കട്ട തൈര് അങ്ങനെ തന്നെ അതിലേക്ക് ഒഴിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് അടച്ചു വയ്ക്കുക. മാമ്പഴ പുളിശ്ശേരി റെഡി !!

Advertisement