എഡിറ്റര്‍
എഡിറ്റര്‍
കടുക്ക നിറച്ചത്
എഡിറ്റര്‍
Sunday 2nd March 2014 5:07pm

kadukka-nirachathu

കേള്‍വി കേട്ട ഒരു വിഭവമാണ് കടുക്ക നിറച്ചത്. വടക്കേ മലബാറിന്റെ ഒരു തനതു രുചി. ഇപ്പോഴും ഇതിന്റെ രുചിക്കൂട്ട് മലബാറില്‍ മാത്രമങ്ങനെ കിടന്നു കറങ്ങുകയാണെന്നു തോന്നുന്നു, എന്തായാലും നമുക്കൊന്ന് ഉണ്ടാക്കിനോക്കാം.

ചേരുവകള്‍

കല്ലുമ്മക്കായ – 25 എണ്ണം
പുഴുക്കലരി- അര കിലോ
തേങ്ങ ചിരകിയത് – ഒരു മുറി
പെരും ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി- അഞ്ചെണ്ണം
ഏലയ്ക്കാ – അഞ്ചെണ്ണം
ഉപ്പ് – പാകത്തിന്
മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി അരച്ചത് – ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി (ചതച്ചത്)
എണ്ണ – വറുക്കാന്‍ വേണ്ടത്

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ നല്ലവണ്ണം ഉരച്ചു കഴുകി നെടുകെ പിളര്‍ത്ത് ഉള്ളിലെ നാരുകള്‍ കളഞ്ഞ് വീണ്ടും കഴുകിയെടുക്കുക. ഇത് ഒരു വശം മാത്രമേ തുറക്കാവൂ.

പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ നല്ലതുപോലെ അരയ്ക്കുക. അരിമാവിന്റെ കൂടെ തേങ്ങയും പെരുജീരകവും ചുവന്നുള്ളിയും ഏലയ്ക്കയും അരച്ചെടുക്കുക.

ഇത് വലിയ ചെറുനാരങ്ങായുടെ വലിപ്പത്തിലുള്ള ഉരുളകളാക്കി കല്ലുമ്മക്കായയുടെ ഉള്ളില്‍ നിറയ്ക്കുക. എന്നിട്ട് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക.

ചൂടാറിയശേഷം തോടില്‍ നിന്നടര്‍ത്തി അഴുക്കുള്ള ഭാഗം നീക്കംചെയ്യണം. ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത് എന്നിവ അല്‍പം വെള്ളത്തില്‍ കലക്കിയെടുത്ത് കല്ലുമ്മക്കായ ഓരോന്നും ഇതില്‍ മുക്കി ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക.

Advertisement