ന്യൂദല്‍ഹി: എം.പിമാരെ തിരിച്ചു വിളിക്കുന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്.വൈ. ഖുറേഷി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടു നേടി വന്നവരെ തിരിച്ചുവിളിക്കുന്ന നിയമം ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് നടപ്പാക്കാന്‍ പ്രയാസമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമമുണ്ടാകണമെന്ന അണ്ണാ ഹസാരെയുടെ ആവശ്യം പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എംപിമാരെ തിരിച്ചു വിളിക്കുന്ന നിയമത്തിനു പകരം തിരഞ്ഞെടുപ്പു പ്രക്രിയയാണ് പരിഷ്‌കരിക്കേണ്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാതിരിക്കുക, മികച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാനായി എല്ലാവരും തയാറാകുക തുടങ്ങിയവയില്‍ വേണം നമ്മള്‍ ജാഗ്രത പാലിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.