ട്രിപ്പോളി: ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അജ്ദാബിയ പട്ടണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ കിഴക്കന്‍ നഗരമായ ബ്രഗയും കീഴടക്കി. അജ്ദാബിയയില്‍ നിന്നും 80 കിലോമീറ്റര്‍ പടിഞ്ഞാറുള്ള നഗരമാണ് ബ്രഗ.

ബ്രഗ പിടിച്ചതായി പ്രക്ഷോഭകരിലൊരാളായ അബ്ദിസ്‌ലാം അല്‍ മദാനി പ്രഖ്യാപിച്ചു. പരാജയപ്പെട്ട ഗദ്ദാഫി സൈന്യം ബ്രഗയില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അല്‍-ബിഷാര്‍ നഗരത്തില്‍ തമ്പടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സേനയുടെ ടാങ്കുകള്‍ക്കും പീരങ്കികള്‍ക്കും മേല്‍ പാശ്ചാത്യ വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചതോടെ സൈന്യം പിന്‍മാറുകയും നീണ്ട പോരാട്ടത്തിനൊടുവില്‍ വിമതര്‍ നഗരം പിടിച്ചെടുക്കുകയുമായിരുന്നു.

ഗദ്ദാഫി സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് മാര്‍ച്ച് 13ന് ബ്രഗയില്‍ നിന്നും പ്രക്ഷോഭകര്‍ പിന്‍വാങ്ങുകയായിരുന്നു. സഖ്യസേനയുടെ ആക്രമണം തുടങ്ങിയശേഷമുള്ള പ്രധാനവിജയമാണ് അജ്ദാബിയ പട്ടണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

അതേസമയം, മിസ്‌റാത്ത പട്ടണം വളഞ്ഞ ഗദ്ദാഫി സൈന്യത്തെ തുരത്താന്‍ സഖ്യസേന അവിടെ ബോംബാക്രമണം നടത്തി. വടക്കന്‍ ലിബിയയില്‍ വിമതരുടെ നേതൃത്വത്തിലുള്ള ഏക പട്ടണമാണു മിസ്‌റാത്ത. ഇതോടെ ഗദ്ദഫി സൈന്യം നടത്തിവന്ന ഷെല്ലാക്രമണം നിലച്ചു. ഇവിടെ 115 പട്ടണവാസികള്‍ കൊല്ലപ്പെട്ടു. ഗദ്ദാഫി സേന നടത്തിയ ഒളിയാക്രമണത്തിലാണ് പട്ടണവാസികള്‍ കൊല്ലപ്പെട്ടതെന്ന് സഖ്യസേനവും, സൈന്യത്തിന്റെ ആക്രമണത്തിലാണ് കൂട്ടക്കുരിതി നടന്നതെന്ന് ഗദ്ദാഫി ഭരണകൂടവും ആരോപിച്ചു.