സുബിന്‍

Get up Stand up
Stand up for your Rights…

വെളുത്ത വര്‍ഗക്കാരന് കാപ്പിരി പെണ്ണില്‍പിറന്ന ബോബ് മാര്‍ളിയെ ‘രണ്ടും കെട്ടവനെന്ന്’ സമൂഹം ആര്‍ത്തിയോടെ ആവര്‍ത്തിച്ച് കളിയാക്കിയപ്പോള്‍ താന്‍ കറുത്തവന്റെ പക്ഷത്താണെന്ന് സ്വയം അടയാളപ്പെടുത്തുന്നിടത്തുനിന്ന് സമരം ആരംഭിക്കുന്നു. കറുത്ത വര്‍ഗക്കാരനായ മൈക്കിള്‍ ജാക്‌സണ്‍ ശസ്ത്രക്രിയയിലൂടെ തൊലിനിറം വെളുപ്പിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്.

ബോബ് മാര്‍ളിയെന്ന ജമൈക്കക്കാരനെ ലോകമറിയാന്‍ തുടങ്ങിയത് No Woman No Cry എന്ന അതി പ്രശസ്തമായ പാട്ടിലൂടെയാണ്.നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയോടുള്ള ഒടുങ്ങാത്ത കലഹം അദ്ദേഹത്തിന്റെ എല്ലാ പാട്ടിലും ജ്വലിച്ചുനില്‍ക്കുന്നുണ്ട്.

‘റെഗ്ഗെ’ മൂര്‍ച്ചയേറിയ ഒരു ആഫ്രിക്കന്‍ ആയുധമായിരുന്നു. നിലവിലുണ്ടായിരുന്ന പാട്ടുരീതിക്ക് ആഫ്രിക്കന്‍ നാടന്‍പാട്ടുകളുടെ അലയടിക്കുന്ന ഹൃദയതാളം നല്‍കിക്കൊണ്ടാണ് അദ്ദേഹം ‘റെഗ്ഗെ’ എന്ന തന്റെ ആയുധം രൂപപ്പെടുത്തിയത്. വര്‍ണ്ണവെറിക്കെതിരായ പോരാട്ടങ്ങളുടെ ചൂളയിലാണ് ഈ പുതിയ പാട്ടുരീതി ജന്മം കൊണ്ടത്. തന്റെ പാട്ടിന് കൃത്യമായ രാഷ്ട്രീയം ഉണ്ടായിരിക്കണമെന്നും അത് തീര്‍ച്ചയായും അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയമാവണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുനിനു.

കേവലം ഒരു T-Shirt-ന്റെ പുറത്ത് Marijuvana(ഗഞ്ച)യോടൊപ്പം അച്ചടിച്ചുവരുന്ന മുടി വളര്‍ത്തിയ നീഗ്രോയുടെ ചിത്രമെന്നതിലുപരി ബോബ് മാര്‍ളിയെ പുതു തലമുറക്ക് അറിയില്ല എന്ന വസ്തുത ഖേദകരമാണ്.

Buffalo Soldier എന്ന പാട്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പട്ട ഒന്നാണ്. ബോബ് മാര്‍ളിയുടെ കാഴ്ചകള്‍ കുറേക്കൂടി വലിയ കാന്‍വാസില്‍ കാണുന്നത് ഈ പാട്ടിലാണ്. ‘അമേരിക്ക നേരിട്ടിട്ടുള്ള ഏറ്റവും വലിയ ഒറ്റയാന്‍ സമരമെന്നാണ്’ ഈ പാട്ടിനെ ജോണ്‍ ലെനന്‍ എന്ന മറ്റൊരു ഇതിഹാസം വിശേഷിപ്പിച്ചിട്ടുള്ളത്.

ആധിപത്യ വ്യവസ്ഥക്കുനേരെയുള്ള ആക്രമണത്തിന്റെ ലഹരി, ബോബ് മാര്‍ളിയുടെ നാവിന്‍ തുമ്പിലെ കാപ്പിരിച്ചോരയുടെ കൊടും വീര്യത്തില്‍ നിന്നാണ് പ്രവഹിച്ചത്. അതുകൊണ്ട് തന്നെയാണ് ബോബ് മാര്‍ളി എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നതും. തന്റെ പാട്ടിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ചങ്കുപൊളിച്ചുകൊണ്ട്, ബോബ് മാസ്മരികമായ ശബ്ദത്തില്‍ പാടുകയാണ്, വെറിപിടിച്ച ലോകത്തെ നോക്കിക്കൊണ്ട്,

Tell the children the truth
Tell the children the truth
They suckin’ the blood of the sufferers
yea-ea-ea!
Rebel, Rebel Now!
\