എഡിറ്റര്‍
എഡിറ്റര്‍
മദ്യപിച്ച് മെട്രൊയില്‍ കയറിയാല്‍ കഴുത്തില്‍ പിടി വീഴും; മദ്യത്തിനു മാത്രമല്ല പുകവലിയ്ക്കും മുറുക്കാനും ചൂയിംഗമിനും നിരോധനമുണ്ട് മെട്രോയില്‍
എഡിറ്റര്‍
Monday 29th May 2017 8:59am

കൊച്ചി: മെട്രോയല്ലേ, പുതിയ തുടക്കമല്ലേ എന്നൊക്കെ കരുതി അല്‍പ്പം മിനുങ്ങിയിട്ട് ട്രെയിനില്‍ കയറാം എന്നുവച്ചാല്‍ പണിപാളും. മദ്യപിച്ച് ട്രെയിനില്‍ കയറുന്നവരെ പിടിച്ചു പുറത്ത്ാക്കാന്‍ പ്രത്യേക പരിശോധന തന്നെ മെട്രോയില്‍ സജ്ജമാണ്. മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായാല്‍ യാത്ര അനുവദിക്കില്ല.

വിമാനത്താവള മാതൃകയിലാണ് മെട്രോയിലെ സുരക്ഷാ പരിശോധനകള്‍. ബാഗുകളുടെ പരിശോധനയ്ക്കൊപ്പം യാത്രക്കാരെയും നിരീക്ഷിക്കും. ഇത്തരത്തില്‍ യാത്ര തടയുന്നതിന് വ്യവസ്ഥയുണ്ടെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. മദ്യക്കുപ്പികളും മെട്രോയില്‍ അനുവദിക്കില്ല. മദ്യപിച്ച് യാത്രചെയ്യുന്നതായി കണ്ടെത്തിയാല്‍ 500 രൂപ പിഴയും നല്‍കേണ്ടിവരും.


Also Read: ‘വല്ല്യേട്ടന്‍ പോണെങ്കില്‍ പോട്ടെ, അതിലും ‘വലിയ’ ഏട്ടന്‍ വരുന്നു’; ലിവര്‍പൂള്‍ ഇതിഹാസതാരം ഐ.എസ്.എല്ലിലേക്ക്; കുയറ്റിനെ ചാക്കിലാക്കാന്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സും


മദ്യപാനത്തിനു മാത്രമല്ല പുകവലിക്കും നിരോധനമുണ്ട്. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘം മെട്രോയ്ക്കുണ്ട്. ഇതിനു പുറമേ എല്ലായിടത്തും സുരക്ഷാ ക്യാമറകളുമുണ്ട്. മുട്ടത്തെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലിരുന്നാല്‍ ഓരോ സ്റ്റേഷനുകളിലും ട്രെയിനിലുമെല്ലാം എന്തു നടക്കുന്നുവെന്ന് കാണാനാകും. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സജ്ജീകരണങ്ങളും മെട്രോയിലുണ്ട്.

മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നതിനും അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം തടവു വരെ ലഭിക്കാം. ട്രെയിനിനകം കുത്തിവരച്ച് വൃത്തികേടാക്കുന്നതിന് 1,000 രൂപയാണ് പിഴ. ആറു മാസം വരെ തടവും ലഭിക്കാം.


Don’t Miss: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാനാകില്ല. ച്യൂയിങ് ഗം, മുറുക്കാന്‍ എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമാണിത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് മാത്രമേ പാട്ട് കേള്‍ക്കാനാകൂ. മറ്റ് യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടിയും ട്രെയിനില്‍ അനുവദിക്കില്ലെന്നും മെട്രോ അധികൃതര്‍ പറയുന്നു.

Advertisement