thekkady-boat-tragedy-2കുമളി46 പേരുടെ മരണത്തിനിടയാക്കിയ : തേക്കടി ദുരന്തത്തില്‍പെട്ട കെ.ടി.ഡിസിയുടെ ജലകന്യക ബോട്ടിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് വിദഗ്ധ സംഘം പരിശോധനയില്‍ കണ്ടെത്തി.
ബോട്ടിന് വലതുവശത്തേക്ക് 2.9 ഡിഗ്രി ചരിവുള്ളതായി, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ എന്‍ജിനിയറിങ് വിഭാഗം തലവന്‍ ഡോ. എസ്.കെ. പ്യാരീലാല്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ബോട്ട് െ്രെഡവര്‍ വിക്ടര്‍ സാമുവലും ബോട്ടിന് ചരിവുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.

െ്രെകംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച തേക്കടിയിലെത്തിയ പ്യാരീലാല്‍, കരയില്‍ കയറ്റിവച്ചിരുന്ന ബോട്ട് പരിശോധിച്ച് മരക്കുറ്റിയില്‍ തട്ടിയിട്ടില്ലെന്നും ഉറപ്പ് വരുത്തിയിരുന്നു. ബോട്ടിന്റെ അടിഭാഗത്തു കുറ്റിയിലിടിച്ചതിന്റെ പൊട്ടലൊന്നും കണ്ടില്ലെന്നും ഒരു പൊട്ടല്‍ കണ്ടത് ബോട്ട് തലകീഴായി മറിഞ്ഞപ്പോള്‍ എന്‍ജിന്‍ റൂമില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ വേണ്ടിയോ അവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയോ നടത്തിയ ശ്രമത്തിലുണ്ടായതാവാമെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും തടാകത്തിലിറക്കിയ ബോട്ടിന്റെ അളവുകള്‍ രേഖപ്പെടുത്തി നടത്തിയ പരിശോധനയിലാണ് വലത്തേക്ക് 2.9 ഡിഗ്രി ചരിവുള്ളതായി കണ്ടെത്തിയത്.

നീറ്റിലിറക്കുന്നതിനു മുന്‍പു നടത്തിയ പരിശോധനയില്‍ തന്നെ ചരിവു കണ്ടെത്തിയിരുന്നുവെന്നും ഗുരുതരമല്ലെന്ന നിഗമനത്തിലാണു സവാരിക്ക് അനുമതി നല്‍കിയതെന്നും ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ എം. മാത്യു ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കി. ഇക്കാരണത്താല്‍ തന്നെ വിനോദസഞ്ചാര വകുപ്പിനെ ബോട്ടിന്റെ നിര്‍മാണത്തകരാര്‍ അറിയിച്ചിരുന്നില്ല. മെക്കാനിക്കല്‍ എന്‍ജിനീയറായ തനിക്കു ബോട്ടിന്റെ രൂപകല്‍പ്പന സംബന്ധിച്ചു വലിയ അറിവില്ല. ബോട്ട് രൂപകല്‍പ്പന രംഗത്തെ വിദഗ്ധസമിതിയായ ഇന്ത്യന്‍ റജിസ്ട്രാര്‍ ഓഫ് ഷിപ്പിന്റെ (ഐആര്‍എസ്) രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തിലാണു തേക്കടിയില്‍ ബോട്ടിന് അനുമതി നല്‍കിയത്.

യാത്രാബോട്ടുകള്‍ക്ക് ഒട്ടും ചരിവ് അനുവദനീയമല്ലെന്നു പ്യാരിലാല്‍ പറയുന്നു.ബോട്ടില്‍ 75 പേര്‍ യാത്രചെയ്താലും അപകടസാധ്യതയുള്ളതായി കാണുന്നില്ല. വെള്ളത്തില്‍വച്ചു ബോട്ടിന്റെ ചരിവു പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ജലോപരിതലം മുതല്‍ ഡെക്ക് വരെ ബോട്ടിന്റെ ഇടതുവശത്ത് 1405 മില്ലിമീറ്ററും വലതുവശത്ത് 1200 മില്ലിമീറ്ററും ഉയരമാണുള്ളത്. 75 യാത്രക്കാരും ബോട്ടിന്റെ ഒരുവശത്തേക്ക് വന്നാലും മറിയാത്ത രീതിയിലാണ് അത് രൂപകല്പന ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഐ.ഐ.ടി.യിലെ വിദഗ്ദ്ധന്‍ രൂപകല്പന ചെയ്തതില്‍നിന്ന് വ്യത്യസ്തമായാണോ ബോട്ട് നിര്‍മിച്ചതെന്നും പരിശോധിക്കേണ്ടതുണ്ട്. ബോട്ട് രൂപകല്പനചെയ്ത വിദഗ്ദ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചാലേ ഇത് കണ്ടെത്താനാകൂ.