ന്യൂയോര്‍ക്ക്: റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലില്‍ കടന്നു. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് ജോസെ മൗറീന്യോയുടെ താരങ്ങള്‍ സെമിയിലേക്ക് മാര്‍ച്ചു ചെയ്തത്്.

കളിയുടെ അമ്പതാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൊടുത്ത ഷോട്ടാണ് ഗോളായത്. ഷോട്ട് പിടിച്ചെടുക്കുന്നതില്‍ ടോട്ടന്‍ഹാം ഗോളി ഗോമസ് പരാജയപ്പെടുകയായിരുന്നു. ഗോമസിന് പിടികൊടുക്കാതെ ബോള്‍ വലയ്ക്കുള്ളില്‍ കയറി.

അതിനിടെ ആവേശകരമായ മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാനെ 2-1ന് തകര്‍ത്ത് ഷാല്‍ക്കേയും സെമിബര്‍ത്ത് സ്വന്തമാക്കി. സെമിയില്‍ ഷാല്‍ക്കെ ആയിരിക്കും റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍.

നേരത്തേ ചെല്‍സിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയിരുന്നു. പാര്‍ക്ക് ജി സങും ജാവിയര്‍ ഹെര്‍ണോണ്ടസുമാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.