Categories

റയല്‍ മഡ്രിഡിന് നാലു ഗോളുകളുടെ തകര്‍പ്പന്‍ ജയം

മഡ്രിഡ്: സ്പാനിഷ് ലീഗിലെ അതികായരായ റയല്‍ മഡ്രിഡിന് കരുത്തരായ ലിയോണിനെതിരെ ഏകപക്ഷീയമായ നാലു ഗോളുകളുടെ തകര്‍പ്പന്‍ ജയം. പത്താം ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടമെന്ന റയല്‍ മഡ്രിഡിന്റെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുന്ന വിജയമാണിത്. മറ്റു മത്സരങ്ങളില്‍ ഇംഗ്ലിഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍ എന്നിവരും വിജയിച്ചു. കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ എസ്.എസ് നാപോളി 1-1ന് സമനിലയില്‍ പിടിച്ചു.

മൂന്നു ഗ്രൂപ്പ് പോരാട്ടങ്ങളിലായി ഇതുവരെ എട്ടുഗോളുകള്‍ നേടിക്കഴിഞ്ഞ റയല്‍ ഒന്നുപോലും വഴങ്ങിയിട്ടില്ലെന്നത് അവരുടെ പ്രകടനത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ബെന്‍സെമ, സാമി ഖെദീര, മെസൂട് ഓസില്‍, സെര്‍ജിയോ റാമോസ് എന്നിവരാണു റയലിന് വേണ്ടി ഗോള്‍ നേടിയത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഒന്നാം സ്ഥാനത്താണിപ്പോള്‍ സ്പാനിഷ് ക്ലബ്.

ഒട്ടേലുല്‍ ഗലാട്ടിയുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളിലെയും ഓരോ കളിക്കാര്‍ ചുവപ്പുകാര്‍ഡ് പുറത്തായപ്പോള്‍ വെയിന്‍ റൂണിയുടെ പെനല്‍റ്റി ഗോളുകളാണ് യുണൈറ്റഡിനു വിജയമൊരുക്കിയത്. വിഡിച്ച് പുറത്താവുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് ലഭിച്ച ആദ്യപെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൂണി, 90-ാം മിനിറ്റില്‍ മിലന്‍ പെറേന്‍ഡിയുടെ ചുവപ്പുകാര്‍ഡിനു വഴിവച്ച ഫൗളിനു ലഭിച്ച പെനല്‍റ്റി കിക്കും ലക്ഷ്യത്തിലെത്തിച്ചു.

ഗ്രൂപ്പിലെ രണ്ടാം കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സ്പാനിഷ് ക്ലബ് വിയ്യാറയലിനെയാണു തോല്‍പിച്ചത്. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളാണ് സെല്‍ഫ് ഗോളില്‍ സമനില വഴങ്ങുമെന്നു തോന്നിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം നേടിക്കൊടുത്തത്.

ഗ്രൂപ്പ് ബിയില്‍ ഇന്റര്‍മിലാന്‍ 1-0ന് ലീലിനെ തോല്‍പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജിയാംപാവ്‌ലോ പസ്സീനിയുടേതാണു വിജയഗോള്‍.

ഗ്രൂപ്പ് എയില്‍ നാപോളിയുമായി 1-1 സമനിലയിലായ ബയണ്‍ മ്യൂണിക്ക്, ടോണി ക്രൂസിന്റെ ഗോളില്‍ രണ്ടാം മിനിറ്റില്‍ മുന്നിലായിരുന്നു ബയണ്‍. എന്നാല്‍, ഹോള്‍ജര്‍ ബാഡ്‌സ്റ്റബറിന്റെ 39-ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍ ആതിഥേയരായ നാപ്പോളിക്കു സമനില സമ്മാനിച്ചു. 49-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി സ്‌പോട്ട് കിക്ക് ബയണ്‍ താരം മാരിയോ ഗോമസ് പാഴാക്കുകയും ചെയ്തു.

റഷ്യന്‍ ക്ലബ് സി.എസ്.കെ.എ മോസ്‌കോ 3-0ന് ട്രബ്‌സോണ്‍സ്പറിനെയും തോല്‍പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.