ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പുകഴ്ത്തി മ്യാന്‍മാര്‍ പരിശീലകന്‍ ജെര്‍ഡ് സെയ്‌സ്. ഛേത്രിക്ക് മ്യാന്‍മാര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ തയ്യാറാണെന്നും മ്യാന്‍മറിന്റെ ജര്‍മ്മന്‍ പരിശീലകനായ സെയ്‌സ് പറഞ്ഞു. ഗോവയില്‍ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു സെയ്‌സ്. മാധ്യമങ്ങളെ കണ്ട ശേഷം നേരില്‍ കണ്ട ഛേത്രിയോടും മ്യാന്‍മാര്‍ കോച്ച് തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു.

ഏറ്റവും അപകടകാരിയായ താരമാണ് ഛേത്രി. അദ്ദേഹത്തിന്റെ കൗണ്ടര്‍ അറ്റാക്കുകളെ തടുക്കേണ്ടതുണ്ട്. ഛേത്രിയെ പ്രതിരോധിക്കാന്‍ ഡിഫന്‍സ് താരങ്ങള്‍ ജാഗരൂകരാകണമെന്നും സെയ്‌സ് പറഞ്ഞു. ഇന്ത്യയുടെ ഡിഫന്‍സ് മികച്ചതാണെന്നും സെയ്‌സ് പറഞ്ഞു. എ.എഫ്.സി എഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് ഇന്ത്യയും മ്യാന്‍മാറും ഏറ്റുമുട്ടുന്നത്.

Image result for Myanmar coach Gerd Zeise

 

മത്സരത്തില്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലെന്ന് മ്യാന്‍മാര്‍ ക്യാപ്റ്റന്‍ യാന്‍ ഓങ് കയ്വാവ് പറഞ്ഞു. നാളത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മ്യാന്‍മാര്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നില്‍ക്കുന്ന സുനില്‍ഛേത്രിക്ക് ഇനി ആറു ഗോളുകള്‍ കൂടി നേടിയാല്‍ മെസിയ്ക്ക് മുകളിലെത്താനാകും. ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിയുടെ ഗോള്‍ നേട്ടത്തിനൊപ്പമാണ് 53 ഗോളുമായി താരം നിലവില്‍ എത്തിയിരിക്കുന്നത്. 58 ഗോളുകളാണ്മെസിയുടെ പേരിലുള്ളത്.