തിരുവനന്തപുരം:വയനാട്ടില്‍ ഭൂസമരം നടത്തുന്ന ആദിവാസികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. ഭൂരഹിതര്‍ക്കായി 276 ഏക്കര്‍ ഭൂമി ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട ഭൂവിതരണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തില്‍ അയ്യായിരത്തിലേറെ പേരാണ് പങ്കെടുക്കുന്നത്. പൊലീസ് നടപടികളെത്തുടര്‍ന്ന് 230 സമരക്കാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

Subscribe Us:

ആദിവാസികള്‍ക്ക് വാസയോഗ്യമായ ഭൂമി തന്നെ നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ ഭൂപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കുറച്ചുകൂടി സമയം ആവശ്യമാണ്. ഇക്കാര്യം സമരക്കാരെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഭൂപ്രശ്‌നം മൂന്നുഘട്ടങ്ങളായി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യപടിയായി മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ കണ്ടെത്തിയ 276 ഭൂമി ഉടനേറ്റെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. മൂന്നുവട്ടം പത്രപരസ്യം നല്‍കിയിട്ടും വേണ്ടത്ര ഭൂമി ലഭിക്കാതിരുന്നതിനാലാണ് നടപടികള്‍ വൈകിയത്.