തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസിന്മേല്‍ പൊലീസ് അന്വേഷണം തുടങ്ങുമ്പോഴായിരുന്നു കേസില്‍ ഗൂഡാലോചനയില്ലെന്നും അന്ന് അറസ്റ്റിലായ പ്രതിയുടെ സങ്കല്‍പമനുസരിച്ച് മാത്രമുണ്ടായ കുറ്റകൃത്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്.

അതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിത്. അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ പുനരന്വേഷണത്തിന് വഴി തെളിഞ്ഞതും മൂടിവച്ചിരുന്ന വിവരങ്ങള്‍ പുറത്ത് വന്നതും. ഇതില്‍ സര്‍ക്കാരിനും പൊലീസിനും അഭിമാനിക്കാന്‍ അധികമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Also Read: പൊലീസ് വാഹനത്തില്‍ ചിരിച്ചുകൊണ്ട് ദിലീപ്; പ്രതികരിക്കാനില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം (വീഡിയോ)


നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ് കേസന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. കേസ് വഴിതെറ്റിക്കാന്‍ സി.പി.എം ജനപ്രതിനിധികള്‍ അമ്മയെന്ന സംഘടനയെ ഹൈജാക്ക് ചെയ്യുന്നതും കേരളീയ സമൂഹം കണ്ടതാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയും ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും എം.എം.ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഇടപെടലാണ് അറസ്റ്റ് ഇത്രയും വൈകാന്‍ കാരണമായത്. ജനരോക്ഷം ഭയന്നാണ് വൈകിയ വേളയിലെങ്കിലും ഈ സംഭവത്തിന് പിന്നിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായതെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.