എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കും: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 20th March 2014 5:32pm

oommen-chandi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പത്തനാപുരത്ത് ആര്‍. ബാലകൃഷ്ണപിള്ള, ഗണേഷ്‌കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

മന്ത്രിസഭ പുനഃസംഘടന ഹൈക്കമാന്റിന്റെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും അനുമതിയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയതായി മുന്നണിയിലെത്തിയ ആര്‍എസ്പി ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന്റെ ഭാഗമായി മാറും. ആര്‍എസ്പിയുടെ മുന്നണി പ്രവേശനവും ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രിസഭ പുനഃസംഘടന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇനിയൊരു പുനഃസംഘടനയുണ്ടാകുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ മാറിനില്‍ക്കേണ്ടി വരുമോ, മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റമുണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

സ്വന്തം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ കഴിവുള്ളവരില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പാര്‍ട്ടി അനുഭാവികളെ അപമാനിക്കുന്നതിന് തുല്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement