ശ്രീനഗര്‍: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) അതിന്റെ മൂന്നാംതലമുറ സേവനങ്ങള്‍ കശ്മീരില്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദല്‍ഹി, രാജസ്ഥാന്‍, ജമ്മു, കോല്‍ക്കത്ത, ചണ്ഡീഗഡ്, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളില്‍ ആര്‍കോം ത്രീ ജീ സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

‘വയര്‍ഫ്രീ ഇന്ത്യ’ എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് ആര്‍കോം ജമ്മു-കശ്മീര്‍ സര്‍ക്കിള്‍ തലവന്‍ അത്താഉല്‍ ഹഖ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന ത്രി ജി ലേലത്തില്‍ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ സര്‍ക്കിളുകളുടെ അവകാശം ആര്‍കോം നേടിയിരുന്നു. 8585.04 കോടി രൂപയ്ക്കാണ് ആര്‍കോം ത്രി ജി സേവനാവകാശം നേടിയത്.

നോക്കിയ, ഫേസ്ബുക്ക്, എറിക്‌സണ്‍, യൂണിവേഴ്‌സല്‍ മ്യൂസിക് എന്നിവയുമായി ആര്‍കോം ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്.