Categories

‘സ്വപ്‌ന തുല്യ അരങ്ങേറ്റവുമായി അഫ്ഘാന്‍ വണ്ടര്‍ ബോയ് റാഷിദ് ഖാന്‍’; പക്ഷെ ആദ്യ വിജയം ബംഗളൂരുവിലേക്ക്

ഹൈദരാബാദ്: വീറും വാശിയും അവസാന നിമിഷം വരെ നിറഞ്ഞു നിന്ന ഐ.പി.എല്‍ പത്താം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വെല്ലുവിളി മറികടക്കാന്‍ കോഹ്‌ലിയും എബി ഡി വില്ല്യേഴ്‌സുമില്ലാതെ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും അവസാന ഓവറുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് അതിശക്തമായി തിരിച്ചു വരികയായിരുന്നു.

അഫ്ഗാന്‍ വണ്ടര്‍ ബോയ് റാഷിദ് ഖാന്റെ പ്രകടനമായിരുന്നു ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. ആദ്യം തന്നെ കത്തി തുടങ്ങിയിരുന്ന വെടിക്കെട്ടു വീരന്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കി കൊണ്ടായിരുന്നു റാഷിദ് ടീമിന് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടു പിന്നാലെ പിന്നാലെ വന്ന ട്രാവിസ് ഹീഡ് നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഹീഡിനെ പുറത്താക്കി റാഷിദ് വീണ്ടും ഹൈദരാബാദിനെ രക്ഷിക്കുകയായിരുന്നു. പ്രായം തളര്‍ത്താത്ത വീര്യവുമായി ആശിഷ് നെഹ്‌റയും ആര്‍.സി.ബി ഇന്നിംഗ്‌സിന് കൂച്ചു വിലങ്ങിട്ടു.

നേരത്തെ യുവരാജ് സിംഗിന്റേയും സംഘത്തിന്റേയും നേതൃത്വത്തില്‍ നടന്ന വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ നിന്നും 62 റണ്‍സെടുത്ത യുവി ഐ.പി.എല്ലിലെ തന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയും ഇന്നു സ്വന്തമാക്കി.

മോയിസെസ് ഹെന്റിക്വിസെസും (52 ) യുവിയ്ക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ മത്സരത്തില്‍ തന്നെ ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നതും ടീമിന് ആശ്വാസമായി. ധവാന്‍ 40 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറുകളില്‍ ആര്‍.സി.ബി നായകന്‍ ഷെയ്ന്‍ വാട്‌സണെ ഹെന്‍ റിക്വസസ് തെരഞ്ഞു പിടിച്ച് അടിക്കുകയായിരുന്നു.