ബാംഗളൂര്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് പൂന വാരിയേഴ്‌സ് 26 റണ്‍സിന് പരാജയപ്പെട്ടു. നിശ്ചിത 20 ഓവറില്‍ അഞ്ചിന് 181 റണ്‍സ് നേടിയ ബാംഗളൂരിനെതിരെ പൂനക്ക് 20 ഓവറില്‍ അഞ്ചിന് 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ പൂന വാരിയേഴ്‌സ് എതിര്‍ടീമിനെ ബാറ്റിംഗിനയച്ചു. ദില്‍ഷനും ഗെയിലും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 6.4 ഓവറില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗളര്‍മാരെല്ലാം ഗെയിലിന്റെ ബാറ്റിന്റെ ചൂടു ശരിക്കുമറിഞ്ഞു. സിക്‌സും ബൗണ്ടറിയും ആ ബാറ്റില്‍നിന്നും ഒഴുകി. കേവലം 26 പന്തില്‍ 49 റണ്‍സാണ് ക്രിസ് ഗെയില്‍ നേടിയത്.

ദില്‍ഷന്റെ പുറത്താകലിനെത്തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലി ഉജ്വലഫോമിലായിരുന്നു. ആദ്യം ഗെയിലിനു മികച്ച പിന്തുണ നല്‍കിയ കോഹ്‌ലി ഗെയില്‍ കളംവിട്ടശേഷം തകര്‍ത്തടിച്ചു. 20 പന്തില്‍നിന്ന് 26 റണ്‍സുമായി ഡിവില്യേഴ്‌സ് മടങ്ങി. സൗരഭ് തിവാരി എട്ടുപന്തില്‍ 14 റണ്‍സെടുത്തു. പൂനയ്ക്കുവേണ്ടി തോമസും രാഹുല്‍ശര്‍മയും രണ്ടുവിക്കറ്റുവീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്കുവേണ്ടി റൈഡറും 51 പെയ്‌നിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മധ്യനിരതകര്‍ന്നതോടെ അവരുടെ പ്രതീക്ഷ അസ്തമിച്ചു. യുവരാജിന്റെ സംഭാവന 41 റണ്‍സായിരുന്നു.