Categories

അര്‍ബന്‍ ബാങ്കുകളുടെ ധനസ്ഥിതി പരിശോധിക്കാന്‍ പുതിയ രീതി

rupeesന്യൂ ദല്‍ഹി : അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ധനസ്ഥിതി പരിശോധിക്കാന്‍ ഇനിമുതല്‍ പുതിയ സമ്പ്രദായം. വിവിധ ഗ്രേഡുകള്‍ നല്‍കി ബാങ്കുകളെ തരംതിരിച്ച് അവയുടെ ധനസ്ഥിതി വിലയിരുത്തിയിരുന്ന പഴയ സമ്പ്രദായത്തിനു പകരം ആസ്തി പര്യാപ്തത,  മാനേജ്‌മെന്റ്, വരുമാനം, ഗുണമേന്മ, ലിക്വിഡിറ്റി, നിയന്ത്രണസംവിധാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതാണ് പുതിയ രീതി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ അര്‍ബന്‍ സഹകരണ ബാങ്ക് മേധാവികള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലര്‍ അയച്ചു. സ്വയം തിരുത്താന്‍ ബാങ്കുകള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ സമ്പ്രദായത്തിന്റെ ആദ്യഘട്ടം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ആര്‍.ബി.ഐ രണ്ടു ഘട്ടങ്ങളിലായി ഇടപ്പെട്ട് ആവശ്യമെങ്കില്‍ ബാങ്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

ബാങ്കിന്റെ ആസ്തി പര്യാപ്തത ഒന്‍പതു ശതമാനത്തില്‍ താഴെയാണെങ്കിലോ ലാഭത്തില്‍ കുറവു വന്നാലോ പണത്തിനു ബുദ്ധിമുട്ട് വന്നാലോ വന്നാലോ ബാങ്ക് മാനേജ്‌മെന്റ് കാരണം കണ്ടെത്തി നടപടിയെടുക്കണം. നിഷ്‌ക്രിയ ആസ്തികള്‍ വീണ്ടെടുക്കാനും നടപടി വേണം. ഇതിനായി ഡയറക്ടര്‍ ബോര്‍ഡ് പ്രത്യേക കര്‍മപദ്ധതിയും തയാറാക്കണം. ഇതാണു സ്വയം തിരുത്തല്‍ നടപടി.

ആസ്തി പര്യാപ്തത ആറു ശതമാനത്തില്‍ കുറവാകുക, തുടര്‍ച്ചയായി രണ്ടു വര്‍ഷം നഷ്ടമുണ്ടാവുക, നിഷ്‌ക്രിയ ആസ്തികള്‍ മൊത്തം വായ്പയുടെ 10 ശതമാനത്തിലേറെയാവുക, വായ്പ നിക്ഷേപ അനുപാതം 70 ശതമാനത്തില്‍ കൂടുക തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ടു കാരണങ്ങള്‍ നിലനിന്നാല്‍ ആര്‍.ബി.ഐ പ്രത്യേകം നിരീക്ഷിക്കും.

പിന്നീട് നിക്ഷേപങ്ങളിലുണ്ടാകുന്ന കുറവിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന തുകയ്ക്കു പരിധി, ദീര്‍ഘകാല നിക്ഷേപങ്ങള്‍ കാലാവധിക്കു മുന്‍പ് മടക്കി നല്‍കുന്നതിനും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വിലക്ക് തുടങ്ങിയ നടപടികള്‍ ഘട്ടം ഘട്ടമായി സ്വീകരിക്കും. നിക്ഷേപനിരക്ക് 25 ശതമാനത്തിലേറെ കുറഞ്ഞാല്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കും.