മുംബൈ: ബാങ്കുകളില്‍ ഇനിമുതല്‍ നോ-ഫ്രില്‍സ് (സീറോബാലന്‍സ്, കുറഞ്ഞ ബാലന്‍സ്) അക്കൗണ്ട് ഉണ്ടാവില്ല. പകരം ബേസിക് സേവിങ്‌സ് അക്കൗണ്ടായിരിക്കും. ആര്‍.ബി.എ ഇത് സംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ബാങ്കിങ് സിസ്റ്റത്തില്‍ ഏകീകരണം വേണമെന്ന ഉദ്ദേശ്യത്തിലാണ് മാറ്റം വരുത്തുന്നത്.

Ads By Google

യാതൊരു അധിക ചാര്‍ജുമില്ലാതെ എ.ടി.എം കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളുമുള്ള സീറോ ബാലന്‍സ് അക്കൗണ്ട് ഫെസിലിറ്റി ബേസിക് ബാങ്കിങ് അക്കൗണ്ടുകള്‍ക്ക് നല്‍കാനും ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2005ലാണ് സെന്‍ട്രല്‍ ബാങ്ക് നോ-ഫ്രില്‍ അക്കൗണ്ട് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്കു കൂടുതല്‍ ബാങ്കിങ് സൗകര്യം നല്‍കാനായിരുന്നു ഇത്. ബാലന്‍സില്ലാതെയോ ചെറിയ ബാല്‍സിനാലോ ഈ അക്കൗണ്ട്‌ തുറയ്ക്കാന്‍ സാധിക്കുമായിരുന്നു.

ഇപ്പോഴുള്ള നോ-ഫ്രില്‍സ് അക്കൗണ്ടുകള്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്സിലേക്കു മാറാന്‍ റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരുമാസം എത്രതവണ വേണമെങ്കിലും നിക്ഷേപം നടത്താം. എന്നാല്‍ മാസത്തില്‍ നാലുതവണ മാത്രമേ ബേസിക് സേവിങ്‌സ് ബേങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കൂ.  എ.ടി.എമ്മിനും ഇതു ബാധകമാണ്. ഈ അക്കൗണ്ടിന് മിനിമം ബാലന്‍സ് ആവശ്യമില്ല. അക്കൗണ്ട് നിഷ്ക്രിയമായാലും സക്രിയമാകുന്നതിനും ചാര്‍ജ് ഈടാക്കാന്‍ പാടില്ല. തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളുടെ തുക കൈപ്പറ്റുന്നതിനും ഇതു സഹായകമാകും.