മുംബൈ: നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്.

ഇന്ത്യന്‍ സൂചികകളിലും നഷ്ടം വ്യാപാകമായ സാഹചര്യത്തില്‍ മാന്ദ്യം സാമ്പത്തിക രംഗത്തുണ്ടാക്കിയേക്കാവുന്ന തിരിച്ചടി സമയാസമയം വിശകലനം ചെയ്യുന്നുണ്ടെന്നും ആര്‍.ബി.ഐ പറഞ്ഞു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ നഷ്ടത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ നഷ്ടമാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ജി ഏഴ് (ഏ 7) രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്കുകളും പുതിയ ആഗോള സാമ്പത്തിക പ്രതിസന്ധിയിന്മേല്‍ തീരുമാനങ്ങളെടുക്കാന്‍ ഇന്നലെ യോഗം ചേര്‍ന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (E. C. B) സ്ഥിരതയുള്ള കടപ്പത്രം വാങ്ങാനും തീരുമാനമായി. സ്‌പെയിനില്‍ നിന്നോ ഇറ്റലിയില്‍ നിന്നോ ആകും ബോണ്ടുകള്‍ വാങ്ങുക എന്ന് പറയപ്പെടുന്നു.

സാമ്പത്തിക വിപണിയിന്മേല്‍ സ്ഥിരതയുള്ള രക്ഷാനടപടികളെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറക്കാനാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് 2.5 ട്രില്ല്യണ്‍ ഡോളര്‍ ചോര്‍ന്ന് പോയ കാഴ്ച കണ്ട യൂറോപ്യന്‍ സാമ്പത്തിക ശക്തികള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയാണ് ഇന്നലെ അടിയന്തിര യോഗം ചേര്‍ന്നത്.