ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകളുടെ കരുതല്‍ ധനാനുപാതം (സി ആര്‍ ആര്‍) 0.75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ സി ആര്‍ ആര്‍ 5.75 ശതമാനമാകും. രണ്ട് ഘട്ടങ്ങളായായിരിക്കും വര്‍ധന പ്രാബല്യത്തിലാവുക. അര ശതമാനം ഫിബ്രവരി 13നും കാല്‍ ശതമാനം 27നും വര്‍ധിപ്പിക്കും. ഇതോടെ 36,000 കോടി രൂപയുടെ വായ്പാ ലഭ്യത ഇല്ലാതെയാകും.

കരുതല്‍ ധനാനുപാതം അര ശതമാനം ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സി ആര്‍ ആര്‍ ഉയര്‍ത്തുന്നത്. ബാങ്കുകള്‍ നിക്ഷേപത്തിന്റെ നിശ്ചിതഭാഗം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനെയാണ് കരുതല്‍ ധനാനുപാതം എന്നു പറയുന്നത്. ഇതിപ്പോള്‍ അഞ്ചു ശതമാനമാണ്.

റിപ്പോ – റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 4.75 ശതമാനത്തില്‍ത്തന്നെ നിലനിര്‍ത്തി. റിസര്‍വ് ബാങ്ക് ബാങ്കുകളില്‍ നിന്നെടുക്കുന്ന പണത്തിന് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിലവിലുള്ള 3.25 ശതമാനവും അതേനിലയില്‍ തുടരും. റിസര്‍വ്ബാങ്കില്‍നിന്ന് ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിപോ നിരക്ക്്. ബാങ്കുകളിലെ മിച്ചധനം റിസര്‍വ്ബാങ്ക് സ്വീകരിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.