ന്യൂദല്‍ഹി: ഉയരുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് പ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്താന്‍ സാധ്യത. 2011 ജനുവരി 25നുള്ള ആര്‍ ബി ഐ വായ്പാ അവലോകന യോഗത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ഡിസംബറിലെ മധ്യാപാദാവലോകനത്തില്‍ പ്രധാന നിരക്കുകളില്‍ ആര്‍ ബി ഐ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ഭക്ഷ്യപണപ്പെരുപ്പം എല്ലാ റെക്കോര്‍ഡുകളും മറികടന്ന് ഇരട്ടഅക്കത്തിലെത്തിയതാണ് ശക്തമായ നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 11ന് അവസാനിച്ച ആഴ്ച്ചയില്‍ പണപ്പെരുപ്പ നിരക്ക് 12.13 ശതമാനമായി ഉയര്‍ന്നിരുന്നു.

ഭക്ഷ്യബന്ധിത പണപ്പരുപ്പനിരക്കും ഉയര്‍ന്നിട്ടുണ്ട്. ഇന്ധന വിലവര്‍ധനവും ഉള്ളിവിലയിലെ അനിശ്ചിതത്വവും വിലനിലവാരത്തെ ഇനിയും ഉയര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നത്. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നീ നിരക്കുകളിലാകും കാര്യമായ വര്‍ധനവുണ്ടാവുക.