ന്യൂദല്‍ഹി: പണപ്പെരുപ്പവും ഭക്ഷ്യബന്ധിത പണപ്പെരുപ്പവും തടയുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് പ്രധാന നിരക്കുകളില്‍ ഇനിയും വര്‍ധന വരുത്തിയേക്കുമെന്ന് സൂചന. ജൂണ്‍ 16ന് നടക്കുന്ന അര്‍ധപാദ അവലോകനത്തില്‍ നിരക്കുകള്‍ ഉയര്‍ത്താനാണ് സാധ്യത.

മേയ് 28ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്ഷ്യബന്ധിത വിലക്കയറ്റ നിരക്ക് 9.01 ശതമാനമായി ഉയര്‍ന്നിരുന്നു. മാര്‍ച്ച് 26നു ശേഷം ഇതാദ്യമായാണ് നിരക്ക് ഇത്രയധികം ഉയരുന്നത്. പാല്‍, പഴം, ഇറച്ചി, ഉള്ളി എന്നിവയുടെ വിലയിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

നേരത്തേ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ആര്‍.ബി.ഐ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തിയിരുന്നു. എന്നാല്‍ നിരക്കുവര്‍ധന വിപണിയില്‍ പ്രകടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.