മുംബൈ: ഉയരുന്ന പണപ്പെരുപ്പത്തെ നിയന്തിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കുമെന്ന റിപ്പോര്‍്ട്ടുകള്‍. സെപ്റ്റംബര്‍ 16ന് ചേരുന്ന അടുത്ത ധനഅവലോകന കമ്മറ്റിയോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

കഴിഞ്ഞ ജൂലെയില്‍ നടന്ന അവലോകന യോഗത്തില്‍ റിസര്‍വ്വ് ബാങ്ക് റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ധിപ്പിച്ചിരുന്നു.റിപ്പോ നിരക്ക് 7.50 ഉണ്ടായിരുന്നത് 8.00 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.50 ഉള്ളത് 7.00ആയുമാണ് ഉയര്‍ത്തിയത്.

കഴിഞ്ഞ ഡിസംബറോടെ ഒന്‍പത് ശതമാനമായി ഉയര്‍ന്ന പണപ്പെരുപ്പത്തെ നിയന്ത്രണവിധേയമാക്കാന്‍ 2010 മാര്‍ച്ചിന് ശേഷം പതിനൊന്ന് തവണ ആര്‍ബി ഐ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയാല്‍ ഇതിനെ നേരിടാന്‍ ബാങ്കുകള്‍ വായ്പകള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. അങ്ങിനെ വരുമ്പോള്‍ നിരക്കുകളിലെ വര്‍ധന ഉപഭോക്താക്കളെ ആയിരിക്കും ബാധിക്കുക.