ന്യൂദല്‍ഹി: ഭക്ഷ്യ വില സൂചിക കഴിഞ്ഞ ദിവസം രണ്ടക്കം തൊട്ടതോടെ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ആഗസ്റ്റ് 20ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യ വില സൂചികയിലെ വര്‍ധനവ് 10.05 ശതമാനമായാണ് ഉയര്‍ന്നത്.

കഴിഞ്ഞ മാര്‍ച്ച 12ന് ശേഷം ഇതാദ്യമായാണ് ഭക്ഷ്യ വില സൂചിക രണ്ടക്കത്തിലെത്തുന്നത്. ഭക്ഷ്യ വിലയും നാണ്യപെരുപ്പനിരക്കും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈയിലെ നാണ്യപെരുപ്പനിരക്ക് 9.22 ശതമാനമാണ്.

പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2010 മാര്‍ച്ചിന് ശേഷം പതിനൊന്ന് തവണ ആര്‍ബി ഐ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 16ന് ആര്‍ ബി ഐയുടെ രണ്ടാം ക്വാര്‍ട്ടറിലെ ധനഅവലോകന യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ നിരക്ക് വര്‍ധനവ് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.