ന്യൂദല്‍ഹി: 500 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പുതിയ നോട്ടിന്റെ രണ്ടു നമ്പര്‍ പാനലുകളിലും ‘A’ എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ട്.

നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നും പുതിയ നോട്ടില്‍ കാണാനാവില്ല.


Dont Miss അന്താരാഷ്ട്ര യോഗ ദിനത്തില്‍ മോദി യോഗ ചെയ്യുമ്പോള്‍ ശവാസനം നടത്തി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനങ്ങള്‍ 


ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് മറുഭാഗത്തുണ്ട്. നിലവിലെ 500 രൂപ നോട്ടുകളുടെ സമാന ഡിസൈന്‍ തന്നെയാണ് പുതിയ നോട്ടുകളിലും പിന്തുടര്‍ന്നിരിക്കുന്നത്.

നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടില്‍ ‘E’ എന്ന അക്ഷരമാണുണ്ടാകുക. 2016 എന്ന വര്‍ഷവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

സ്റ്റോണ്‍ ഗ്രേയാണ് നിറം. ചെങ്കോട്ടയുടെ ചിത്രവും ഇന്ത്യന്‍ പതാകയും നോട്ടിലുണ്ടാകും. ഇതിനൊപ്പം മഹാത്മാഗാന്ധിയുടെ ഛായാചിത്രവും അശോകസ്തംഭവും കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള അടയാളവുമൊക്കെ പുതിയ നോട്ടിലുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ ഇറക്കുകയും ചെയ്തു.

50 ദിവസത്തിനുള്ള നോട്ട് ക്ഷാമം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലും എട്ട് മാസം പിന്നിട്ടിട്ടും പലയിടത്തും നോട്ട് ക്ഷാമം ഇപ്പോഴും തുടരുന്നുണ്ട്. അവധി ദിവസങ്ങള്‍ കഴിഞ്ഞ് എ.ടി.എമ്മില്‍ എത്തുന്ന പലര്‍ക്കും ആവശ്യത്തിന് പണം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.