മുംബൈ: ഉയരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും നിരക്കുകളില്‍ വര്‍ധന വരുത്തി. നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധനവാണ് വരുത്തിയത്. ഇതോടെ റിപ്പോ 8.50ശതമാനവും റിവേഴ്‌സ് റിപ്പോ 7.5ശതമാനവുമാകും.

കരുതല്‍ ധന അനുപാതത്തില്‍ മാറ്റമില്ല. ഇതു ആറ് ശതമാനത്തില്‍ തുടരും. സേവിംങ്‌സ് എക്കൗണ്ടുകളിന്‍ മേല്‍ റിസര്‍വ് ബാങ്കിനുണ്ടായിരുന്ന നിയന്ത്രണം ആര്‍.ബി.ഐ എടുത്തുമാറ്റി. ഇനിമുതല്‍ ബാങ്കായിരിക്കും സേവിങ്‌സ് ബാങ്ക് പലിശ നിരക്ക് നിയന്ത്രിക്കുക. ഒരു ലക്ഷംവരെയുള്ള സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും ഒരേ പലിശനിരക്ക് നല്‍കണമെന്ന നിബന്ധനയുണ്ട്. ഒരു ലക്ഷത്തിനു മേലെയുള്ള സേവിങ്‌സ് ബാങ്ക് ഡപ്പോസിറ്റിനുമേലുള്ള പലിശനിരക്ക് നിക്ഷേപം അനുസരിച്ച് ബാങ്കുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന അവലോകന യോഗത്തില്‍ റിസര്‍വ്വ് ബാങ്ക് റിപ്പോറിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചിരുന്നു. റിപ്പോ നിരക്ക് 8 ശതമാനം ഉണ്ടായിരുന്നത് 8.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 7.00 ഉള്ളത് 7.25 ശതമാനവുമായാണ് ഉയര്‍ത്തിയത്.

പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു. എന്നാല്‍ ഡിസംബറോടെ ഇതു കുറയാന്‍ തുടങ്ങും. മാര്‍ച്ച് അവസാനത്തോടെ ഇത് ഏഴ് ശതമാനമായി താഴുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു.

കഴിഞ്ഞ ഡിസംബറോടെ ഒന്‍പത് ശതമാനമായി ഉയര്‍ന്ന പണപ്പെരുപ്പത്തെ നിയന്ത്രണവിധേയമാക്കാന്‍ 2010 മാര്‍ച്ചിന് ശേഷം പതിമൂന്ന് തവണ ആര്‍.ബി.ഐ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയാല്‍ ഇതിനെ നേരിടാന്‍ ബാങ്കുകള്‍ വായ്പകള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. അങ്ങിനെ വരുമ്പോള്‍ നിരക്കുകളിലെ വര്‍ധന ഉപഭോക്താക്കളെ ആയിരിക്കും ബാധിക്കുക.