മുംബൈ: റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ (ആര്‍ ബി ഐ) റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് അരശതമാനവുമായുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാത നിരക്ക് (സി ആര്‍ ആര്‍) നിരക്കില്‍ മാറ്റമില്ല. ആര്‍ ബി ഐയുടെ ആദ്യപാത അവലോകന യോഗത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഇതോടെ റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍നിന്നും 5.75 ശതമാനത്തിലേക്കുയര്‍ന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കരുതല്‍ ധനാനുപാത നിരക്ക് 6 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ആര്‍ ബി ഐ മറ്റ് ബാങ്കുകള്‍ക്ക നല്‍കുന്ന വായ്പ്പക്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ. അധികതുക ആര്‍ ബി ഐയില്‍ സൂക്ഷിക്കുന്നതിന് മറ്റ് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശനിരക്കാണ് റിവേഴ്‌സ് റിപ്പോ) വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയായാണ് ആര്‍ ബി ഐ നിരക്ക് ഉയര്‍ത്തിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും പണപ്പെരുപ്പ നിരക്കിന് തടയിടാനുമായി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിലെത്തിക്കാനാണ് ശ്രമമെന്ന് ആര്‍ ബി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.