മുംബൈ: സ്വകാര്യ-വിദേശ ബാങ്കുകള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനമൊരുക്കണമെന്ന് ആര്‍.ബി.ഐയുടെ നിര്‍ദ്ദേശം. അതിനായി ഒരു ആഭ്യന്തര വിജിലന്‍സ് മേധാവിയെ (സി.വി.ഒ) നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തട്ടിപ്പുകള്‍ ഒഴിവാക്കാനായി പൊതുമേഖലാ ബാങ്കുകള്‍ പിന്തുടരുന്ന നടപടിക്രമത്തിലേക്ക് വിദേശ ബാങ്കുകളെക്കൂടി കൊണ്ടുവരാനാണ് ഈ നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അഴിമതി, തട്ടിപ്പ്, ക്രമക്കേടുകള്‍ എന്നിവ കൃത്യസമയത്തു തന്നെ മനസ്സിലാക്കി അവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ വിദേശ ബാങ്കുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ആര്‍.ബി.ഐ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളില്‍ സി.വി.ഒമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പൊതുമേഖലാ ബാങ്കുകളിലെ അഴിമതികളെ തടയുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായതും സുതാര്യവുമായ സംവിധാനത്തിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.