എഡിറ്റര്‍
എഡിറ്റര്‍
റിപ്പോ നിരക്ക് അരശതമാനം കുറച്ചു
എഡിറ്റര്‍
Tuesday 17th April 2012 12:23pm

ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകള്‍ അരശതമാനം കുറച്ച് എട്ട് ശതമാനമാക്കി. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ലെന്നും റിസര്‍വ്വ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗത്തിനുശേഷം ഗവര്‍ണര്‍ ഡി. സുബ്ബറാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

നിലവില്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും റിപ്പോ നിരക്ക് 8.5% വും റിവേഴ്‌സ് റിപ്പോ നിരക്ക് 7.5% വുമാണ്. പുതിയ വായ്പാ നയത്തെതുടര്‍ന്ന് പലിശനിരക്കുകള്‍ കുറഞ്ഞേക്കും. ഭവന, വാഹന വായ്പാ നിരക്കകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്.

ഫെബ്രുവരിയില്‍ വ്യാവസായികോത്പാദന സൂചിക 4.1% കുറഞ്ഞതും, ബാങ്കുകളുടെ പണഞെരുക്കവും, മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ മാര്‍ച്ച് മാസം നേരിയ കുറവ് രേഖപ്പെടുത്തിയതുമാണ് നിരക്ക് കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍.

റിസര്‍വ്വ് ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശയമാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധികഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

2010 മാര്‍ച്ച് മുതല്‍ 13 തവണ വായ്പാനിരക്കുകള്‍ കൂട്ടിയ റിസര്‍വ് ബാങ്ക് മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്കു കുറയ്ക്കുന്നത്. നാണ്യപ്പെരുപ്പത്തിനു തടയിടാനായിരുന്നു ഇതുവരെ വായ്പാനിരക്കുകള്‍ കൂട്ടിയിരുന്നത്. നാണ്യപ്പെരുപ്പം ഏതാണ്ടു കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ നാണ്യപ്പെരുപ്പം 6.89 ആയിരുന്നു. രാജ്യാന്തര തലത്തില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നത് നാണ്യപ്പെരുപ്പം കൂട്ടാന്‍ ഇടവരുത്തുമെന്ന അവസ്ഥയിലുമാണ്. പലിശ നിരക്കുകള്‍ കൂടിയിരിക്കുന്നതിനാല്‍ വ്യാവസായിക വളര്‍ച്ച കുറയുന്നതു കണ്ടാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പലിശനിരക്കില്‍ അര ശതമാനം കുറവു വരുത്തിയത്.

Advertisement