കൊച്ചി: ഇരുപത്തഞ്ചു പൈസ നാണയങ്ങള്‍ കൈലിലുള്ളവര്‍ ശ്രദ്ധിയ്ക്കുക. ഇനി പതിനഞ്ചുദിവസമേ ഇവയ്ക്ക് ആയുസ്സുള്ളൂ. ജൂലൈ 1മുതല്‍ ഇവയ്ക്ക് മൂല്യമില്ലാതാകുകയാണ്. അതിന് മുമ്പ് ഈ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് കേന്ദ്രങ്ങളിലും വിവിധ ബാങ്കുകളുടെ ശാഖകളിലും കൈമാറ്റം ചെയ്യാം.

30നുശേഷം ഈ നാണയം കൊടുത്ത് സാധനങ്ങള്‍ വാങ്ങാനോ ബാങ്കുകളില്‍ കൈമാറ്റം ചെയ്യാനോ കഴിയില്ല. ചില്ലറ നാണയ ഡിപ്പോ സംവിധാനമുള്ള ബാങ്കുകളുടെ ശാഖകളില്‍ മാത്രമാണ് ഇവ സ്വീകരിക്കുകയെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചു പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ, കനറാബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്റിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്, സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയുടെ ശാഖകളിലും സ്വകാര്യമേഖലയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ശാഖകളിലും 25പൈസയും അതില്‍ താഴെയുമുള്ള നാണയങ്ങള്‍ വിനിമയം ചെയ്യാം.

ജൂലൈ 1 മുതല്‍ മൂല്യമുള്ള ഏറ്റവും കുറഞ്ഞ നാണയം 50പൈസ നാണയമായിരിക്കും. കണക്കുകളും സാധനസാമഗ്രികളുടെ വിലകളും അതനുസരിച്ച് ക്രമീകരിക്കപ്പെടും.

20പൈസ, 10പൈസ നാണയങ്ങളുടെ നിര്‍മ്മാണം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിയിരുന്നെങ്കിലും ഇവയൊന്നും വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ നിര്‍മ്മാണം നിര്‍മ്മാണം നിര്‍ത്തിയ 1പൈസ, 2പൈസ, 3പൈസ നാണയങ്ങളും വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നില്ല.

നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മ്മാണ ചിലവ് വര്‍ധിച്ചതുമാണ് ഇവ പിന്‍വലിക്കാന്‍ കാരണം.