ന്യദല്‍ഹി: വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഗുജറാത്തില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും ഭൂമികൈമാറ്റത്തെക്കുറിച്ചും അന്വേഷിക്കാന്‍ സജീവമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്‍.ബി ശ്രീകുമാര്‍ അണ്ണ ഹസാരെയ്ക്ക് കത്തയച്ചു.

ഗുജറാത്തില്‍ വന്‍ വികസനമാണ് നടക്കുന്നതെന്ന പ്രചരണം നടത്താനാണ് മുഖ്യമന്ത്രി മോഡി ശ്രമിക്കുന്നതെന്നും സംസ്ഥാനം വന്‍ അഴിമതിയാണ് നേരിടുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി അനുവദിക്കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് കത്തില്‍ ശ്രീകുമാര്‍ ആരോപിക്കുന്നു.

വിപണിവിലയേക്കാളും കുറഞ്ഞതുകയ്ക്കാണ് പലപ്പോഴും ഭൂമിവില്‍പ്പന നടക്കുന്നത്. ടാറ്റയുടെ നാനോ ഫാക്ടറിസ്ഥാപിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച മുന്‍ സി.ബി.ഐ മേധാവി ആര്‍.കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തെ പണംനല്‍കി സ്വാധീനിക്കാനും ശ്രമം നടന്നിട്ടുണ്ടെന്നും ശ്രീകുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു.

അഴിമതി തടയാന്‍ ചില നിര്‍ദ്ദേശങ്ങളും ശ്രീകുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കണമെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും കത്തില്‍ ശ്രീകുമാര്‍ ആവശ്യപ്പെടുന്നു.