raza-geelaniഇസ്‌ലാമാബാദ്: അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാനെതിരെ ഉയരുന്ന ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി രംഗത്ത്. പാര്‍ലിമെന്റില്‍ ഇന്ന് നടത്തിയ വിശദീകരണത്തിലാണ് ഗീലാനി രാഷ്ട്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

‘ബിന്‍ലാദനെ വളര്‍ത്തിയത് പാകിസ്ഥാനല്ല. അല്‍ഖയ്ദയുടെ ജനനം പാകിസ്ഥാനിലല്ല. തെറ്റായ വിദേശ നയത്തിന് പാകിസ്ഥാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചരിത്രം പരിശോധിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പാകിസ്ഥാന്‍ ആത്മാഭിമാനമുള്ള രാഷ്ട്രമാണ്.

ഭീകരതക്കെതിരെയുള്ള പോരാട്ടം പാകിസ്ഥാന്റെ ദേശീയ ഉത്തരവാദിത്തമാണ്. ലാദന്‍ ഇവിടെ കഴിഞ്ഞിരുന്നുവെന്ന് സര്‍ക്കാറിന് അറിയാനാവാതെ പോയത് ഇന്റലിജന്‍സ് വീഴ്ചയാണ്. എന്നാല്‍ ഇന്റലിജന്‍സ് വീഴ്ച പാകിസ്ഥാനില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുണ്ടാവാറുണ്ട്.

അല്‍ഖയ്ദക്കെതിരെ ഏറ്റവും നന്നായി പൊരുതിയത് പാകിസ്ഥാനും ഐ.എസ്.ഐയുമാണ്. ഭീകര വളര്‍ന്നതിന് പാകിസ്ഥാനെയോ ഐ.എസ്.ഐയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങിനെ ചെയ്യുന്നത് നിരുത്തരവാദിത്തപരമാണ്- ഗീലാനി വ്യക്തമാക്കി. തങ്ങളുടെ മണ്ണില്‍ ബിന്‍ലാദന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാദന് അബോട്ടാബാദില്‍ പാക് മിലിട്ടറി അക്കാദമിക്ക് അടുത്ത് കഴിഞ്ഞത് സര്‍ക്കാറിന്റെ അറിവോടെയാണെന്നായിരുന്നു പാകിസ്ഥാനെതിരെ ഉയര്‍ന്ന ആരോപണം. ഈ ആരോപണത്തിനാണ് ഗീലാനി മറുപടി പറഞ്ഞിരിക്കുന്നത്. സോവിയറ്റ് റഷ്യക്കെതിരെ പോരാടുന്നതിനായി അമേരിക്കയാണ് ലാദനെ വളര്‍ത്തിയതെന്ന് ആരോപണമുണ്ട്. ഇതിലേക്കുള്ള സൂചകങ്ങളാണ് ഗീലാനിയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.