കണ്ണൂര്‍: കേന്ദ്ര പ്രതിരോധ വകുപ്പിലെ വിദഗ്ധസംഘം കണ്ണൂര്‍ രായരം പുഴയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കീടനാശിനികളും രാസവളങ്ങളും തള്ളി മലിനമായ പുഴയില്‍ പരിശോധന നടത്താന്‍ കഴിഞ്ഞദിവസമാണ് കേന്ദ്രസംഘം എത്തിയത്.

അതിനിടെ അപകടഭീതിയെത്തുടര്‍ന്ന് രായരംപുഴയില്‍ നിന്നും വിവിധ ജലവിതരണ പദ്ധതികള്‍ക്കുളള ജലവിതരണം നിറുത്തിവച്ചിട്ടുണ്ട്.വിദഗ്ധസംഘം പരിശോധിച്ച് ഗുണമേന്‍മ ഉറപ്പുവരുത്തിയ ശേഷമേ ഇനി ജലവിതരണം ഉണ്ടാകൂ. പ്രതിരോധ വകുപ്പിന് കീഴിലുള്ള ‘ന്യൂക്ലിയര്‍ ബയോളജിക്കല്‍ ആന്‍ഡ് കെമിക്കല്‍ എമര്‍ജന്‍സി’ വിഭാഗത്തിലെ വിദഗ്ധസംഘമാണ് പരിശോധന നടത്താനായി എത്തിയിട്ടുള്ളത്.

അതിനിടെ കീടനാശിനി തളളിയസംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ശാരീരികാസ്വസ്ഥ്യം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.